തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. കുട്ടികളിലെ ലഹരി വ്യാപനം തടയാനായി 1,80,000 അധ്യാപകർക്ക് എക്സൈസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് പരിശീലനം നൽകിയതായി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. ലഹരിക്കെരിരെ വിവിധ ഏജൻസികളും പൊതുജനങ്ങളും കൈകോർക്കുന്ന ബൃഹത് പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ലഹരി ഉപയോഗവും ലഹരി കടത്തിലും ലഹരി ഉപയോഗത്താലുണ്ടാകുന്ന കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടുന്നതിൽ 25 വയസ്സിന് താഴെയുള്ളവരുടെ എണ്ണവും വർദ്ധിക്കുകയാണ്. പൊലീസും- എക്സൈസും മാത്രം വിചാരിച്ചാൽ പ്രതിരോധം സാധ്യമാകില്ലെന്ന തിരിച്ചവിലാണ് ജനകീയ ക്യാമ്പയിനിലേക്ക് സർക്കാർ കടന്നത്.
മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാനതല സമതി മുതൽ വാർഡ് തല സമിതി വരെ രൂപീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന ബോധവത്കരണം. എക്സൈസ് വകുപ്പിന്റെ ഉണര്‍വും- പൊലീസിന്റെ യോദ്ധാവും സ്കൂള്‍ കോളജ് തലങ്ങളിലും പ്രവർത്തിക്കും. വിദ്യാഭ്യാസ വകുപ്പുമായി പരിശീലത്തിനായി പാഠ്യപദ്ധതി തയ്യാറാക്കിയിരുന്നു. 230 അധ്യാപകർക്ക് ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി. ലഹരി ഉപയോഗിക്കുന്ന കുട്ടികളുലുണ്ടാകുന്ന സ്വഭാവ വ്യത്യാസം, ലഹരിമരുന്നുകളെ കുറിച്ചുള്ള അറിവുമെല്ലാം പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തിയിരുന്നു. പരിശീലനം ലഭിച്ച അധ്യാപകർ ഓരോ ജില്ലകളിലെ മറ്റ് അധ്യാപകര പരിശീലിപ്പിച്ചു. അടുത്ത ഘട്ടത്തിൽ രക്ഷിതാക്കള്‍ക്കും പരിശീലനം നൽകും.
ഓരോ സ്കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരെ പരിശീലനം നൽകി ലഹരിക്കെതിരായ യോദ്ധാവായി പ്രഖ്യാപിക്കുന്നതാണ് പൊലീസിന്റെ പുതിയ പദ്ധതി. ലഹരിക്കെതിരെ രഹസ്യ വിവരം നൽകാനായി ടോള്‍ ഫ്രീ നമ്പറുകളും വാട്സ് ആപ്പ് നമ്പറും തുടങ്ങിയിട്ടുണ്ട്. നാളെ ആരംഭിക്കുന്ന പ്രചാരണ പ്രവർത്തനങ്ങളെ കുറിച്ച് ഒരു മാസം കഴിഞ്ഞ് സർക്കാർ വിലയിരുത്തും. മാറ്റങ്ങളോടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് തീരുമാനം. നാളെ മുഖ്യമന്ത്രിയാണ് സംസ്ഥാനതല ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്.