പാട്ന: കെസിആർ നല്ല കാര്യങ്ങൾ ചെയ്തുവെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ പുകഴ്ത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കെസിആറിനെ പ്രശംസിച്ച് ഒവൈസി രംഗത്തെത്തിയിരിക്കുന്നത്. ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഒവൈസി.
“ഞാൻ പറയുകയാണ്, കെസിആറിന് തീർച്ചയായും വലിയൊരു കാഴ്ച്ചപ്പാട് ഉണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തന കാലഘട്ടത്തിൽ നിരവധി മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ട്”. ഉവൈസി പറഞ്ഞു. സംസ്ഥാന തലത്തിലുള്ള നേതാക്കളുടെ പ്രധാനമന്ത്രി മോഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഒവൈസിയുടെ മറുപടി. കെഎസിആറിനെക്കൂടാതെ നിതീഷ് കുമാറിനേയും മമതയേയും ഒവൈസി പ്രശംസിച്ചു.
തെലങ്കാന ഒരു ഭൂരഹിത സംസ്ഥാനമാണ്. എന്നിട്ടും മെച്ചപ്പെട്ട രീതിയിൽ ആഭ്യന്തര ഉൽപ്പാദനമുണ്ട്. പമ്പ് സെറ്റുകളുടെ ഉപയോഗത്തിലും മത്സ്യബന്ധനത്തിന്റെ കാര്യത്തിലും ഉയർന്നു നിൽക്കുന്നു. കെസിആറിന്റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതി വലിയ ഭൂരിപക്ഷം നേടിയെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തമായ എതിർപ്പുണ്ടായിരിക്കും. രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് പോലെ കോൺഗ്രസ് പ്രധാന പ്രതിപക്ഷമാവുന്നതിനുമാണ് സാധ്യത. എഐഎംഐഎമ്മിന് അഞ്ചു എംഎൽഎമാരാണ് 2020ൽ ബീഹാറിൽ ഉണ്ടായിരുന്നത്. ഇതിൽ നാലു എംഎൽഎമാരും കഴിഞ്ഞ വർഷം ആർജെഡിയിൽ ചേർന്നു. 2020-ൽ മഹാഗത്ബന്ധനുമായി ഒരു സഖ്യം ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ അവർ ഞങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്. എന്നാൽ ഞങ്ങളുടെ പ്രകടനം എല്ലാവരും കണ്ടുകാണും. 10 സീറ്റിൽ മാത്രമാണ് ഞങ്ങൾ മത്സരിച്ചത്. 2025ൽ 243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിലെ 50 മണ്ഡലങ്ങളിൽ ഞങ്ങൾ സ്ഥാനാർത്ഥികളെ നിർത്തും. -ഒവൈസി കൂട്ടിച്ചേർത്തു.