ഹൈദരാബാദ്: തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആർ.എസ് പാർട്ടി പരാജയപ്പെടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് നടത്തുന്ന ‘വിജയഭേരി’ യാത്രക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടം ഫ്യൂഡൽ പ്രഭുക്കന്മാരുടെ തെലങ്കാനയും ജനങ്ങളുടെ തെലങ്കാനയും തമ്മിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.”തെരഞ്ഞെടുപ്പിൽ കെ.സി.ആർ പരാജയപ്പെടുമെന്ന് എനിക്ക് തോന്നുന്നു. ഇത് പ്രഭുക്കന്മാരുടെ തെലങ്കാനയും ജനങ്ങളുടെ തെലങ്കാനയും തമ്മിലുള്ള പോരാട്ടമാണ്. രാജാവും പ്രജയും തമ്മിലുള്ള പോരാട്ടമാണ്”- രാഹുൽ ഗാന്ധി പറഞ്ഞു.
പത്ത് വർഷത്തിന് ശേഷവും തെലങ്കാന മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് അകലം പാലിക്കുകയാണെന്ന് ചന്ദ്രശേഖർ റാവുവിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും അഴിമതി നടക്കുന്ന സംസ്ഥാനങ്ങളിലെന്നാണ് തെലങ്കാനയെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി എല്ലാ പ്രതിപക്ഷ നേതാക്കളേയും ആക്രമിക്കുകയാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേസുകൾ ചുമത്തുകയാണെന്നും എന്നാൽ കെ.സി. ആർ ഒഴിവാക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസിനെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോ കെ.സി.ആറോ ഒരു വാക്കുപോലും പറയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.