ന്യൂലാൻഡ്സ് : ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം വിജയത്തിലേക്ക് ബാറ്റെടുത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നിലവിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെന്ന നിലയിലാണ്. എട്ടു വിക്കറ്റുകൾ ബാക്കിനിൽക്കേ ജയത്തിലേക്ക് അവർക്കിനി 92 റൺസ് കൂടി മതി. അർധ സെഞ്ചുറി പിന്നിട്ട കീഗൻ പീറ്റേഴ്സണും (53*) റാസ്സി വാൻഡെർ ദസ്സനുമാണ് (11*) ക്രീസിൽ. ഓപ്പണർ എയ്ഡൻ മാർക്രം (16), നായകൻ ഡീൻ എൾഗാർ (30) എന്നിവരാണ് പുറത്തായ ബാറ്റർമാർ. ഷമിയും ബുംറയുമാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റുകൾ വീഴ്ത്തിയത്. ഇതിനിടെ 21-ാം ഓവറിൽ ആർ.അശ്വിന്റെ പന്തിൽ എൽഗാറിനെതിരെയുള്ള എൽബിഡബ്ല്യു അപ്പീലിൽ ഫീൽഡ് അമ്പയർ മാറായിസ് എറാസ്മസ് ശരിവെച്ചെങ്കിലും ഈ തീരുമാനം ഡിആർഎസിലൂടെ തിരുത്തപ്പെട്ടു. ക്യാപ്റ്റൻ കോലി ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ നടത്തിയത്.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 198 റൺസിന് എല്ലാവരും പുറത്തായി ആദ്യ ഇന്നിങ്സിലെ 13 റൺസിന്റെ ലീഡ് കൂടി കൂട്ടിച്ചേർത്ത് ഇന്ത്യ 212 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽവെച്ചു. ഇന്ത്യൻ ബാറ്റിങ് നിര തകർന്നപ്പോൾ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയുടെ നെടുംതൂണായത്. 139 പന്തിൽ ആറു ഫോറും നാല് സിക്സും സഹിതം 100 റൺസോടെ ഋഷഭ് പുറത്താകാതെ നിന്നു. മൂന്നാം ദിനം ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ദിനത്തിലെ സ്കോറിനോട് ഒരു റൺ പോലും കൂട്ടിച്ചേർക്കുന്നതിന് മുമ്പ് ചേതേശ്വർ പൂജാര പുറത്തായി. 33 പന്തിൽ ഒമ്പത് റൺസെടുത്ത താരത്തെ മാർക്കോ ജാൻസെൻ കീഗൻ പീറ്റേഴ്സൺന്റെ കൈയിലെത്തിച്ചു.
തൊട്ടടുത്ത ഓവറിൽ മോശം ഫോമിലുള്ള അജിങ്ക്യ രഹാനേയും ക്രീസ് വിട്ടു. ഒമ്പത് പന്തിൽ ഒരു റണ്ണെടുത്ത രഹാനേയുടെ വിക്കറ്റ് റബാദയ്ക്കാണ്. ഇതോടെ ഇന്ത്യ നാല് വിക്കറ്റിന് 58 റൺസ് എന്ന നിലയിലായി. പിന്നീട് അഞ്ചാം വിക്കറ്റിൽ വിരാട് കോലിയും ഋഷഭ് പന്തും ഒത്തുചേർന്നു. ഇരുവരും ചേർന്ന് 94 റൺസ് കൂട്ടുകെട്ടുണ്ടാക്കി. പ്രതിരോധിച്ചു കളിച്ച കോലി 143 പന്തിൽ 29 റൺസാണ് അടിച്ചെടുത്തത്. കോലിയെ പുറത്താക്കി ലുങ്കി എൻഗിഡി ഈ കൂട്ടുകെട്ട് പൊളിച്ചു. ഒരറ്റത്ത് ഋഷഭ് പന്ത് നിലയുറപ്പിച്ചെങ്കിലും പിന്നീട് വന്നവരെല്ലാം പെട്ടെന്ന് ക്രീസ് വിട്ടു. അശ്വിൻ ഏഴു റൺസെടുത്തും ശാർദ്ദുൽ താക്കൂർ അഞ്ചു റൺസിനും പുറത്തായി. ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും അക്കൗണ്ട് തുറക്കാനായില്ല. ജസ്പ്രീത് ബുംറ രണ്ട് റൺസെടുത്തു. 10 റൺസെടുത്ത കെഎൽ രാഹുലും ഏഴു റൺസെടുത്ത മായങ്ക് അഗർവാളും രണ്ടാം ദിനം പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസെൻ നാല് വിക്കറ്റ് വീഴ്ത്തി. ലുങ്കി എൻഗിഡിയും കാഗിസോ റബാദയും മൂന്നു വിക്കറ്റ് വീതം നേടി.