ദില്ലി :മദ്യനയ കേസിലെ അറസ്റ്റും റിമാൻഡും നിയമപരമാണെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് അരവിന്ദ് കെജ്രിവാൾ. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും സ്ഥാപിക്കാൻ കെജ്രിവാൾ ഉന്നയിച്ച വാദങ്ങൾ തള്ളിയാണ് ഹൈക്കോടി ഉത്തരവ്. മദ്യനയം രൂപീകരിച്ചത് കെജ്രിവാളിൻറെ അറിവോടെയാണെന്ന രേഖകളാണ് ഇഡി ഹാജരാക്കിയത്. ഇതിലൂടെ കിട്ടിയ പണം ഗോവ തെരഞ്ഞെടുപ്പിന് ചെലവാക്കി എന്ന് വ്യക്തമാക്കുന്ന സാക്ഷിമൊഴികളുണ്ട്. മാപ്പു സാക്ഷികളെ നിശ്ചയിക്കാൻ നൂറു വർഷം പഴക്കമുള്ള നിയമമാണ് രാജ്യത്തുള്ളത്. കോടതി അനുമതിയോടെയാണ് ചിലർ മാപ്പു സാക്ഷികളായത്. ഇവരെ നിരാകരിക്കുന്നത് ജുഡീഷ്യൽ നടപടിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. മാപ്പു സാക്ഷിയുടെ പിതാവിന് ലോക്സഭ സീറ്റ് കിട്ടിയതോ ബോണ്ട് നൽകിയതോ കോടതിയുടെ വിഷയമല്ല.
രാഷ്ട്രീയം നോക്കിയല്ല നിയമം നോക്കിയാണ് കോടതി തീരുമാനം എടുക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്താനാണ് അറസ്റ്റ് എന്ന കെജ്രിവാളിൻറെ വാദവും ഹൈക്കോടതി തള്ളി. ഇഡിയുടെ സമൻസ് നിരന്തരം തള്ളി കെജ്രിവാളാണ് നടപടികൾ വൈകിച്ചത്. മുഖ്യമന്ത്രിയും സാധാരണക്കാരും ഒക്കെ നിയമത്തിനു മുന്നിൽ തുല്യരാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. സത്യസന്ധൻ എന്ന കെജരിവാളിന്റെ നാട്യം കോടതിക്ക് മുന്നിൽ പൊളിഞ്ഞെന്ന് ബിജെപി പ്രതികരിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഗൂഢാലോചന നടന്നുവെന്ന വാദം എഎപി ആവർത്തിക്കുകയാണ്. തെളിവുകൾ കോടതി അംഗീകരിച്ചത് ഇഡിക്ക് വൻ നേട്ടമായി. സു്പ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ കെജ്രിവാൾ ജയിൽ തുടരാനാണ് സാധ്യത.




















