ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അരവിന്ദ് കെജ്രിവാളിനെ നാടകീയമായി അറസ്റ്റ് ചെയ്ത സർക്കാർ നീക്കത്തിൽ തെളിയുന്നത് ഇലക്ട്രൽ ബോണ്ട് ചർച്ചയാകുന്നതിലുള്ള കടുത്ത ആശങ്ക കൂടിയാണ്. ദില്ലിയിലെ കോൺഗ്രസ് – ആംആദ്മി പാർട്ടി സഖ്യം ഉയർത്തുന്ന വെല്ലുവിളിയും ബിജെപി നീക്കത്തിന് കാരണമായി. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ കൂട്ടായ്മ ദൃഢമാക്കാൻ കെജ്രിവാളിൻ്റെ അറസ്റ്റ് ഇടയാക്കാനാണ് സാധ്യത.
അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിലേക്ക് ഇഡി നീങ്ങുമ്പോൾ ഇലക്ട്രൽ ബോണ്ടിൽ നിർണ്ണയക വിവരങ്ങൾ എസ്ബിഐ കൈമാറിയ രേഖയിലൂടെ പുറത്ത് വരികയായിരുന്നു. കണക്ക് നോക്കാൻ മൂന്ന് മാസം വേണം എന്ന് വാദിച്ച എസ്ബിഐയാണ് കോടതി കടുപ്പിച്ചപ്പോൾ എല്ലാം നല്‍കി തലയൂരിയത്. ബോണ്ട് വിവരം മൂടിവയ്ക്കാൻ നടത്തിയ നീക്കങ്ങളും സംഭാവനയുടെ വിവരങ്ങളും ചർച്ചയായി തുടങ്ങിയപ്പോഴാണ് കെജ്രിവാളിൻ്റെ അറസ്റ്റിലൂടെ വാർത്ത മാറ്റിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് അരവിന്ദ് കെജ്രിവാളിന് ആദ്യ സമൻസ് നല്‍കിയത് മുതൽ അറസ്റ്റിനുള്ള നീക്കം ഇഡി നടത്തിയിരുന്നു.
എന്നാൽ സമൻസ് തുടർച്ചയായി അവഗണിച്ചാണ് കെജ്രിവാൾ അറസ്റ്റ് നീക്കം ചെറുത്തത്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിൽ രണ്ടഭിപ്രായം ബിജെപിയിലുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ സഹതാപത്തിലൂടെ വോട്ട് നേടാൻ കെജ്രിവാളിനെ ഇത് സഹായിക്കും എന്നായിരുന്നു ചില നേതാക്കളുടെ നിലപാട്. എന്നാൽ അറസ്റ്റിലൂടെ ഒരു ചൂതാട്ടത്തിന് ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായിരിക്കുന്നത്. വാരാണസിയിൽ മോദിക്കെതിരെ മത്സരിച്ചത് മുതൽ കെജ്രിവാളിനോടുള്ള രോഷവും ഈ നീക്കത്തിന് കാരണമായി.
പല ലക്ഷ്യങ്ങളോടെയാണ് കെജ്രിവാളിന്‍റെ അറസ്റ്റ് നടപ്പാക്കിയിരിക്കുന്നത്. ബിജെപിക്കെതിരെ ഇലക്ട്രൽ ബോണ്ടിൻ്റെ കാര്യത്തിൽ ഉയരുന്ന വിമർശനത്തിൽ നിന്ന് ശ്രദ്ധ തിരിക്കുക എന്നത് തന്നെയാണ്, ഈ സമയം തെരഞ്ഞെടുത്തതിലെ പ്രധാന ലക്ഷ്യം. മുഖ്യമന്ത്രിയായിരിക്കെ ഇതാദ്യമായി ഒരു നേതാവിനെ അറസ്റ്റ് ചെയ്ത് കൊണ്ട് എതിർപക്ഷത്തുള്ള പല നേതാക്കൾക്കും ബിജെപി മുന്നറിയിപ്പ് നല്‍കുന്നു.
ഹേമന്ദ് സോറൻ ജയിലിൽ പോയി 50 ദിവസത്തിന് ശേഷമാണ് കെജ്രിവാളിനെയും ഇഡി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ആർക്കെതിരെയും ഏതറ്റം വരെയും പോകും എന്ന സന്ദേശമാണിത്. കോൺഗ്രസിൻ്റെ ഫണ്ട് തടഞ്ഞതിനെതിരെ സോണിയ ഗാന്ധിക്ക് തന്നെ വാർത്താസമ്മേളനം നടത്തേണ്ടി വന്ന ദിവസമാണ് ഈ അറസ്റ്റ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് കൊണ്ട് ആംആദ്മി പാർട്ടിയെ ഇല്ലാതാക്കുക എന്ന മൂന്നാം ലക്ഷ്യവും ഇതിൽ വ്യക്തമാണ്.
ബിജെപിയേയും കോൺഗ്രസിനെയും ഞെട്ടിച്ചു കൊണ്ടാണ് ദില്ലിയിൽ കെജ്രിവാൾ അധികാരം പിടിച്ചത്. പഞ്ചാബ് കൂടി നേടിയ കെജ്രിവാൾ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാൻ നോക്കുന്നു. ദില്ലി മദ്യനയ കേസ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ യുവ കക്ഷിയുടെ നിലനില്പ് പ്രതിസന്ധിയിലാക്കുകയാണ്. കേന്ദ്രത്തിൽ അധികാരം നിലനിറുത്താനുള്ള എല്ലാ കുതന്ത്രങ്ങളും ബിജെപി പുറത്തെടുക്കുമ്പോൾ ഇന്ത്യ സഖ്യത്തിന് ഇത് എങ്ങനെ നേരിടാനാകും എന്നതാണ് പ്രധാന ചോദ്യം.
ഒരിക്കൽ മദ്യനയകേസ് കെജ്രിവാളിനെതിരെ ആയുധമാക്കിയ കോൺഗ്രസ് ഇന്ന് ബിജെപി നീക്കത്തെ ചെറുക്കാനുള്ള യോജിച്ചുള്ള സമരത്തിന് തയ്യാറായിരിക്കുന്നു. പ്രതിപക്ഷത്തെ കൂട്ടായ്മ ഉറപ്പിക്കാൻ ഇന്നലെ രാത്രി നടന്ന നീക്കങ്ങൾ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇതിന് ധാർമ്മിക ബലം കൂടി കിട്ടാൻ കോടതി സ്വീകരിക്കുന്ന സമീപനം പ്രധാനമാണ്. കെജ്രിവാൾ സിസോദിയേയും സത്യേന്ദർ ജയിനേയും പോലെ ഒരു പാട് കാലം ജയിലിൽ കിടന്നാൽ അത് ആംആദ്മി പാർട്ടിയുടെ ഭാവിക്കും പ്രതിപക്ഷത്തിൻ്റെ സാധ്യതകൾക്കും വൻ തിരിച്ചടിയാകും.