രാജസ്ഥാനിലെ ഉദയ്‍പൂരിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ ചിതല് കേറി. ചിതൽ കേറി എന്ന് മാത്രമല്ല ഒരു സ്ത്രീ സുരക്ഷിതമായിരിക്കാൻ വേണ്ടി വച്ചിരുന്ന 2.15 ലക്ഷം രൂപ നശിപ്പിക്കുകയും ചെയ്തു. ഉദയ്പൂരിൽ നിന്നുള്ള സുനിത മേത്ത, 2022 മെയ് മാസത്തിൽ തന്റെ ഭർത്താവെടുത്ത ലോക്കറിലാണ് ഈ പണം സൂക്ഷിച്ചിരുന്നത്. കാലാജി ഗൊരാജിയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ബ്രാഞ്ചിലായിരുന്നു ഇത്. അത് സന്ദർശിച്ച് ലോക്കർ തുറന്ന് നോക്കിയപ്പോഴാണ് നോട്ടുകളിൽ ചിലത് ചിതലുകൾ തിന്നുതീർത്തിരിക്കുന്നതായി കണ്ടത്.
ബിസിനസ് ടുഡേ പറയുന്നതനുസരിച്ച്, ഹിരൺ മാഗ്രി സ്വദേശിയായ ഇവർ രണ്ട് ലക്ഷം രൂപ ഒരു ബാഗിലാക്കി ലോക്കറിൽ വച്ചിരുന്നു. കൂടാതെ, 15000 രൂപ ബാഗിന് പുറത്തും വച്ചിരുന്നു. പണം ചിതൽ തിന്നതോട് കൂടി സുനിത ബാങ്കിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ശേഷം ഇവർ ബാക്കി പണം എണ്ണി നോക്കി. അപ്പോഴാണ് അതും ചിതൽ തിന്നിരിക്കുന്നതായി കണ്ടത്. ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ നിന്നും മനസിലാകുന്നത് സ്ത്രീയുടെ വലിയ തുക ചിതൽ തിന്നിരുന്നു എന്നാണ്. ഏത് നോട്ടാണ് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത പാകത്തിൽ തുക ചിതൽ തിന്നിരുന്നു.
ബാങ്കിന്റെ സീനിയർ മാനേജരായ പ്രവീൺ കുമാർ യാദവ് പറയുന്നത് കാര്യത്തെ കുറിച്ച് സംസാരിക്കാനും പ്രശ്നം പരിഹരിക്കാനും സുനിതയെ തിരികെ വീണ്ടും ബാങ്കിലേക്ക് വിളിപ്പിച്ചിരുന്നു എന്നാണ്. ഏതായാലും സംഭവത്തെ കുറിച്ച് അറിഞ്ഞ ശേഷം ബാങ്കിലെ ലോക്കറിൽ തങ്ങളുടെ വിലപ്പെട്ട വസ്തുക്കൾ വച്ച അനേകം ഉപഭോക്താക്കൾ ആശങ്കയിലായി. അവർ ബാങ്കിനെ കുറ്റപ്പെടുത്തി. ബാങ്കിന് യാതൊരു ഉത്തരവാദിത്തവും ഇല്ല ഉപഭോക്താക്കളെ കുറിച്ചും അവരുടെ സമ്പാദ്യത്തെ കുറിച്ചും എന്നാണ് ജനങ്ങൾ പറയുന്നത്.