തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലാ പ്രശ്‌നത്തിൽ ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ ആശാസ്യമല്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് മുന്നിലുണ്ടായിരുന്ന രണ്ട് വഴിയും ഉപയോഗിക്കുകയാണ്. കോടതി വിധിയിൽ സംസ്ഥാനത്തെ പ്രശ്‌നങ്ങൾ പരിഗണിച്ചുള്ള മാറ്റങ്ങൾ ഉറപ്പാക്കാനായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഒപ്പം വിദഗ്‌ധസമിതിമുമ്പാകെ പരാതി ഉന്നയിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയംവഴി സുപ്രീംകോടതിയിൽ എത്തിക്കുകയെന്ന വഴിയും സ്വീകരിച്ചിട്ടുണ്ട്. പിന്നീടുള്ള സുപ്രീംകോടതി നിലപാട് ആശ്വാസകരമാണെന്നും എം എം മണിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി. യുപിഎ സർക്കാരിന്റെകാലത്ത് മന്ത്രി ജയറാം രമേശ് നിശ്ചയിച്ച പൂജ്യംമുതൽ 12 കിലോമീറ്റർ ദൈർഘ്യമാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.
ജനവാസമേഖലകളും തൊഴിൽ, കൃഷിയിടങ്ങളും ഒഴിവാക്കിയുള്ള സംരക്ഷണ മേഖലയാണ് സർക്കാർ മുന്നോട്ടുവയ്‌ക്കുന്നതെന്നും മന്ത്രി പറഞ്ഞു. വസ്‌തുതകൾ മറച്ചുവച്ചുള്ള കള്ളപ്രചാരണം വ്യാപകമായി നടക്കുന്നതായി എം എം മണിയും ചൂണ്ടിക്കാട്ടി.