തൃശൂര്‍: കേരളവും ഇടതുപക്ഷവുമാണ് ഫാഷിസത്തിന്റെ എതിര്‍ചേരിയെന്ന് മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്റ്റ സെതല്‍വാദ്. കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഗൗരി ലങ്കേഷ് നഗറില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മോഡി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഡാര്‍വിനെയും ഗാന്ധിജിയെയും മൗലാന ആസാദിനെയും ഗുജറാത്ത് കലാപത്തെയും ഒഴിവാക്കിയപ്പോള്‍ കേരള സര്‍ക്കാര്‍ യഥാര്‍ത്ഥ ചരിത്രത്തെ സമൂഹത്തിലേക്കെത്തിക്കുകയായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഗാന്ധിജിയെ കുറിച്ച് പറയുന്നുണ്ടെങ്കിലും അദ്ദേഹംആരായിരുന്നുവെന്നോ എന്തിന് കൊല്ലപ്പെട്ടുവെന്നോ അവര്‍ വ്യക്തമാക്കുന്നില്ല. നാം കടന്നുപോകുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ്. സബര്‍മതി ജയിലില്‍ തന്നെ കാണാനെത്തിയ മഹിള ഫെഡറേഷന്‍ നേതാവ് ആനി രാജയെയും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും പിന്തുണയറിച്ച് എത്തിയ 2700 ഓളം കത്തുകളും നന്ദിയോടെ ഓര്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഫാസിസ്റ്റ് അതോറിറ്റിയായി മാറിയ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ദ്രോഹിക്കുകയാണ്. കേന്ദ്ര ഭരണകൂടം ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ജനാധിപത്യ വിരുദ്ധമായ നടപടികളാണുണ്ടാവുന്നത്. ഈ സാഹചര്യത്തിൽ ഫാസിസത്തിനെതിരെയുള്ള പോരാട്ടം നാം ശക്തമാക്കണമെന്നും ടീസ്ത സെതൽവാദ് പറഞ്ഞു. മതന്യൂനപക്ഷങ്ങൾ, സാധാരണക്കാർ, തൊഴിലാളികൾ, കർഷകർ തുടങ്ങിയ സമൂഹത്തിന്റെ എല്ലാ മേഖലയെയും ഫാസിസ്റ്റ് ഭരണകൂടം ലക്ഷ്യമിടുകയാണ്.
മണിപ്പൂരിലടക്കം നടന്നുക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന സംസ്ഥാന–കേന്ദ്ര സർക്കാരുകൾ ജനങ്ങളുടെപണമുപയോഗിച്ച് രാജ്യാന്തര സമ്മേളനം ആഘോഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സാമൂഹിക പ്രവര്‍ത്തക മല്ലിക സാരാഭായ് മുഖ്യപ്രഭാഷണം നടത്തി. ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീത, അഡ്വ. ഇന്ദിര രവീന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. എന്‍എഫ്ഐഡബ്ലിയു ജനറല്‍ സെക്രട്ടറി ആനിരാജ, ദേശീയ സെക്രട്ടറി നിഷ സിദ്ധു, കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് ജെ ചിഞ്ചുറാണി, സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം, ദേശീയ വൈസ് പ്രസിഡന്റ് കമലാസദാനന്ദന്‍, ഷീല വിജയകുമാര്‍, ഇ എസ് ബിജിമോള്‍, ഷീന പറയങ്ങാട്ടില്‍, കെ എസ് ജയതുടങ്ങിയവര്‍ പങ്കെടുത്തു. പ്രൊഫ. സി വിമല സ്വാഗതവും ബിജി സദാനന്ദന്‍ നന്ദിയും പറഞ്ഞു. എട്ടിന് ആരംഭിച്ച പ്രതിനിധി സമ്മേളനം ഇന്നും തുടരും. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് തെക്കേഗോപുരനടയില്‍ നടക്കുന്ന പൊതുസമ്മേളനം നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ (എന്‍എഫ്ഐഡബ്ലിയു) ദേശീയ ജനറല്‍ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്യും.