അബുദാബി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൊല്യൂഷനുകളാല്‍ പ്രവര്‍ത്തിക്കുന്ന, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ക്ക് പ്രവര്‍ത്തനം ഉറപ്പാക്കുന്ന പുതിയ ഡിജിറ്റല്‍ ന്യൂസ് സിസ്റ്റമായ വാം ന്യൂസ് സിസ്റ്റം എമിറേറ്റ് ന്യൂസ് ഏജന്‍സി പുറത്തിറക്കി. വ്യവസായ അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രി ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബിറിന്റെ സാന്നിധ്യത്തിലാണ് പുതിയ സംവിധാനത്തിന്റെ ലോഞ്ചിംഗ് നടന്നത്. എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ജലാല്‍ റൈസിന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഹമ്മാദി, അബ്ദുള്ള അബ്ദുല്‍ കരീം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ സ്വീകരിക്കുന്നതിനും ഡ്രാഫ്റ്റ് ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ഫോട്ടോ വീഡിയോ തുടങ്ങിയ മെറ്റീരിയലുകള്‍ ലിങ്ക് ചെയ്യുന്നതിനും ആവശ്യമായ വിധത്തില്‍ വിപുലവും സമഗ്രവുമായ ഡിജിറ്റല്‍ ന്യൂസ് മാനേജ്‌മെന്റ് സിസ്റ്റമാണ് പുതിയ സിസ്റ്റം. പ്രോസസ് ചെയ്ത വിവരങ്ങളും ഡാറ്റയും കര്‍ശനമായി നിരീക്ഷിക്കാന്‍ ഇതിലൂടെ കഴിയും. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് 19 ഭാഷകളില്‍ പുതിയ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കും.