തിരുവനന്തപുരം∙ പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5ന് ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂര്‍ണമായും നിയമനിര്‍മാണത്തിനായി ചേരുന്ന സമ്മേളനം ആകെ 9 ദിവസങ്ങള്‍ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിയമ നിര്‍മാണത്തിനു മാത്രമായി ചേര്‍ന്ന ആറാം സമ്മേളനം 2022 ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 12 വരെ 8 ദിവസമാണ് സമ്മേളിച്ചത്. 12 ബില്ലുകള്‍ പാസാക്കുകയും 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ ധാതുലവണ മിശ്രിതം (ഉല്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കല്‍) ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഈ സമ്മേളനത്തില്‍ പരിഗണിക്കേണ്ട ബില്ലുകള്‍ ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം തീരുമാനിക്കും.
എന്നാല്‍, ആദ്യ രണ്ടു ദിനങ്ങളില്‍ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതാണെന്ന് തീരുമാനിക്കേണ്ടതു സ്പീക്കറാണ്. ബില്ലുകളെ സംബന്ധിക്കുന്ന മുന്‍ഗണനാ പട്ടിക സര്‍ക്കാരില്‍നിന്നു ലഭ്യമാകുന്ന മുറയ്ക്ക് അക്കാര്യവും ഉടന്‍തന്നെ തീരുമാനിക്കുന്നതാണെന്നു സ്പീക്കർ അറിയിച്ചു. നിയമനിര്‍മാണങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷം ഡിസംബര്‍ 15ന് സമ്മേളന പരിപാടികള്‍ അവസാനിപ്പിക്കാനാണു തീരുമാനം.
ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടത്താന്‍ തീരുമാനിച്ചിരുന്ന രാജ്യാന്തര പുസ്തകോത്സവം സഭാ സമ്മേളനം നടക്കുന്നതിനാൽ അടുത്തവർഷം ജനുവരി 9 മുതല്‍ 15 വരെയുള്ള തീയതികളിലേക്കു മാറ്റി.