കൊച്ചി: കേരള ബാങ്ക് രൂപവത്കരണത്തിന് നിയമസഭ പാസാക്കിയ സഹകരണ നിയമഭേദഗതി നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് യു.എ. ലത്തീഫ് എം.എൽ.എയുൾപ്പെടെ നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് വി.ജി. അരുണിന്‍റെ പരിഗണനയിലുള്ള ഹരജിയിൽ 12ന് വിധി പറഞ്ഞേക്കും.
അതേസമയം, മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാൻ നിയമ തടസ്സമില്ലെന്ന് അഡ്വക്കറ്റ് ജനറൽ അഡ്വ. കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് കോടതിയെ അറിയിച്ചു. ജില്ല ബാങ്കിനെ ലയിപ്പിക്കുന്നതിനെതിരായ ഹരജികൾ നിലനിൽക്കില്ല. ലയിപ്പിക്കാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. അതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ഹരജി നൽകിയതെന്നും സ്‌റ്റേ അനുവദിക്കരുതെന്നും എ.ജി ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് നിയമസഭ പാസാക്കിയ പുതിയ ഭേദഗതികളെന്നാണ് ഹരജിക്കാരുടെ വാദം. അംഗങ്ങളുടെ മുന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമേ ബാങ്കിങ് കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ ലയിക്കാവൂ എന്നാണ് കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ. മലപ്പുറം ജില്ല ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരെ പൊതുയോഗം പ്രമേയം പാസാക്കിയിട്ടുെണ്ടന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.