തിരുവനന്തപുരം> പക്ഷിപ്പനി ബാധിച്ച് നഷ്‌ടം വന്ന കർഷകർക്കുള്ള ധനസഹായം ആവശ്യപ്പെടുന്നതിനായി മന്ത്രി ജെ ചിഞ്ചുറാണി 15ന് കേന്ദ്രമന്ത്രിയെ കാണും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി വ്യാപകമായി പടർന്ന സാഹചര്യത്തിൽ ജില്ലകളിലെ രോഗബാധിത പ്രദേശങ്ങളിലെ എംഎൽഎമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിവിധ ജില്ലകളിലെ നിലവിലത്തെ സാഹചര്യം വിലയിരുത്തി സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുന്നതിനും പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടും കേന്ദ്രസർക്കാർ പുതുതായി പുറത്തിറക്കിയ മാർഗനിർദേശങ്ങളും ചർച്ച ചെയ്യുന്നതിനുമാണ് യോഗം ചേർന്നത്.
കാട വളർത്തൽ കർഷകർക്ക് നിലവിൽ നിശ്ചയിച്ച നഷ്ടപരിഹാരം തുച്ഛമാണെന്നും അത് വർധിപ്പിച്ചു നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും രോഗബാധിത പ്രദേശങ്ങളിലേക്ക് കൊണ്ടുവരുന്ന തീറ്റയും മുട്ടയും പരിശോധന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു. പഠനം റിപ്പോർട്ടിന്റെയും പുതുക്കിയ കേന്ദ്ര നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.