തിരുവനന്തപുരം > സംസ്ഥാനത്ത് 25 ഓളം പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് 16 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് സർക്കാർ ഡെവലപ്മെൻ്റ് പെർമിറ്റ് അനുവദിച്ചു. 8 എണ്ണം പരിഗണനയിലുണ്ട്. 10 ഏക്കർ വരെയുള്ള ഭൂമിയിൽ കുടിവെള്ളം, റോഡ്, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ വേണ്ടി 3 കോടി രൂപ വരെ സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. മികച്ച പ്രതികരണമാണ് സംരംഭകരിൽ നിന്നും വ്യവസായി കളിൽ നിന്നും പദ്ധതിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും വരുംവർഷം 25ഓളം പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിനെ അടിസ്ഥാനപ്പെടുത്തിയുള്ള 2022ലെ ബെസ്റ്റ് പെർഫോമർ പുരസ്കാരം ലഭിച്ചത് കേരളത്തിനാണ്. കഴിഞ്ഞ 3 വർഷവും കേരളത്തിന് ടോപ്പ് പെർഫോമർ പുരസ്കാരവും ലഭിച്ചിരുന്നു. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗ് വഴി 5500 കോടി രൂപ സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപമായി സമാഹരിക്കാനും സംസ്ഥാനത്ത് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്റ്റാർട്ടപ്പ് മിഷന് കഴിഞ്ഞു. സംസ്ഥാനത്ത് ഇതിനകം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 5000 കടന്നതായും മന്ത്രി വ്യക്തമാക്കി.
100 മുതൽ 150 വരെ ആളുകൾക്ക് ഒരുമിച്ചിരുന്ന് തൊഴിലെടുക്കാൻ കഴിയുന്ന വർക്ക് നിയർ ഹോം കേന്ദ്രങ്ങൾ കേരളത്തിലെ ചില ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് പ്രവർത്തിക്കുന്നുണ്ട്. കാസർഗോഡ്, കൊട്ടാരക്കര, കണ്ണൂർ, കൊച്ചി, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ ഇത്തരം ലീപ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനമൊട്ടാകെ ലീപ് സെന്ററുകൾ വ്യാപിപ്പിക്കുന്ന പദ്ധതിയ്ക്കായി 10 കോടി രൂപ വകയിരുത്തുന്നതായും മന്ത്രി പറഞ്ഞു.
മുതിർന്ന പൗരൻമാരെ സംരക്ഷിക്കുന്നതിനായി കെയർ സെന്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് പുറത്തുനിന്നുള്ള ആളുകൾക്കും വിദേശികൾക്കും ഇത്തരം കേന്ദ്രങ്ങളിൽ പരിചരണം നൽകും. കെയർ ഹബ്ബായി കേരളം മാറുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.