തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിസന്ധികള്‍ അവസാനിച്ചെന്ന് കരുതാന്‍കഴിയില്ലെന്നും കൊവിഡ് നാലാം തരംഗം വന്നേക്കാമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. റഷ്യ -യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വലിയ വിലക്കയറ്റവും സംസ്ഥാനത്തെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും ഉടലെടുത്തേക്കാം. എന്നാല്‍ പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടാമെന്ന അത്മവിശ്വാസം കേരളം നേടിയിരിക്കുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി പറഞ്ഞു. കാലവാസ്ഥ ദുരന്തങ്ങളുടെയെല്ലാം കെടുതിയില്‍ ആശ്വാസം തേടി വരുമ്പോഴാണ് യുദ്ധത്തിന്റെയും വിലക്കയറ്റത്തിന്റേയും ഭീഷണി ലോകമെമ്പാടുമുള്ള മനുഷ്യന്റെ സ്വസ്ഥത തകര്‍ക്കുകയാണ്. റഷ്യ യുക്രൈന്‍ യുദ്ധം ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിന്റെയും സര്‍വവും നശിപ്പിക്കാന്‍ ശേഷിയുള്ള ആണവയുദ്ധത്തിന്റേയും വക്കിലെത്തിച്ചു. ഇപ്പോഴും അതിനുള്ള സാധ്യത ഒഴിഞ്ഞു പോയിട്ടില്ലെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.