തിരുവനന്തപുരം> പ്രവാസി കേരളീയരുടെ ക്ഷേമത്തിന് സംസ്ഥാന ബജറ്റിൽ മുന്തിയ പരിഗണന. വിവിധ പദ്ധതികൾക്കായി 257.81 കോടി രൂപ വകയിരുത്തി. ഇതിൽ 143.81 കോടിരൂപ നോർക്കയുടെ പ്രവർത്തനങ്ങൾക്കുള്ള തുകയാണ്. സുസ്ഥിര ജീവനോപാധി പുനരധിവാസ പദ്ധതിയായ എൻഡിപിആർഇഎമ്മിന് 25 കോടിരൂപയും പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്ക് 44 കോടി രൂപയും സാന്ത്വന പദ്ധതിക്ക് 33 കോടിരൂപയും വിവിധ ക്ഷേമ പദ്ധതികൾക്കായി 12 കോടിരൂപയുമാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾക്ക് വകയിരുത്തിയ തുക.
പ്രവാസികളെ എക്കാലവും ചേർത്ത് നിർത്തിയ പാരമ്പര്യമാണ് എൽഡിഎഫ് സർക്കാരുകൾക്ക്. അതിന്റെ തുടർച്ചയായാണ് ഇത്തവണയും മികച്ച പരിഗണന ബജറ്റിൽ. ആഗോള മാന്ദ്യത്തിന്റെയും ഗൾഫ് രാജ്യങ്ങളിലെ ദേശീയ വൽക്കരണത്തിന്റെയും ഫലമായി കേരളത്തിലേക്ക് തിരികെ എത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കാൻ സുസ്ഥിര ജീവനോപാധി പദ്ധതിയായ എൻഡിപിആർഇഎം പദ്ധതി സർക്കാർ നടപ്പാക്കുന്നത്. ഇതിന് പുറമെയാണ് തരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്കായി 44 കോടിരൂപ കൂടി വകയിരുത്തിയത്.
പ്രവാസികൾക്ക് ഏറെ ആശ്വസം പകരുന്നതാണ് ‘സാന്ത്വന’ പദ്ധതി. കുറഞ്ഞത് രണ്ട് വർഷം വിദേശത്ത് ജോലി ചെയ്‌ത് മടങ്ങി വന്ന മലയാളികൾക്ക് 50,000 രൂപ വരെ ചികിൽസാ സഹായവും ഒരു ലക്ഷം രൂപവരെ മരണാനന്തര ധനസഹായവും 15,000 രൂപവരെ വിവാഹ ധനസഹായവും നൽകുന്നുണ്ട്. വൈകല്യമുള്ളവർക്ക് സഹായ ഉപകരണങ്ങൾ വാങ്ങാൻ 10000 രൂപയും ഒറ്റതവണയായി നൽകുന്നുണ്ട്. 33 കോടിരൂപയാണ് ഇതിനായി ബജറ്റിൽ നീക്കിവെച്ചത്. ‘കേരള ദി നോൺ റസിഡന്റ് കേരളൈറ്റ്‌സ് വെൽഫെയർ ബോർഡ്’ മുഖേനെയും വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മികച്ച ക്ഷേമ വികസന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തങ്ങളെയും ചേർത്ത് നിർത്തിയതിൽ ഏറെ സന്തുഷ്‌ടരാണ് പ്രവാസികൾ.