തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മറിക്കാൻ സംസ്ഥാനത്തെ നികുതി പിരിവ് ഊർജ്ജിതമാക്കാനുള്ള നിർദ്ദേശം സംസ്ഥാന ബജറ്റിലുണ്ടാകും. കഴിഞ്ഞ നാല് വർഷമായി പ്രതീക്ഷിച്ചതിനേക്കാൾ കുറവ് നികുതി മാത്രമാണ് പിരിച്ചെടുക്കാനായത്. ഓരോ വർഷവും ശരാശരി ഏഴായിരം കോടിയോളം രൂപ ഈയിനത്തിൽ പിരിച്ചെടുക്കാനുണ്ട്. നികുതി കുടിശിക പിരിച്ചെടുക്കാൻ കർമ്മ പദ്ധതിക്കുള്ള നിർദ്ദേശവും ബജറ്റിലുണ്ടാകും. നികുതി കുടിശ്ശിക അടയ്ക്കുന്നവർക്കായി ഇളവുകൾക്കും സാധ്യതയുണ്ട്. നികുതി വരുമാനം വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ ബജറ്റാകും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുക. ജി. എസ്. ടി യു ടെ പരിധിയിൽപ്പെടാത്ത ലോട്ടറി, മദ്യം, ഭൂമി രജിസ്‌ട്രേഷൻ , എന്നിവയുടെ നികുതി ഉയർത്തിയേക്കും.
ഭൂമിയുടെ ന്യായവില വർധിപ്പിക്കാനും രജിസ്‌ട്രേഷൻ ഫീസ് വർധിപ്പിക്കാനുമുള്ള ശുപാർശ വിദഗ്ധ സമിതി നേരത്തെ തന്നെ സർക്കാരിന് സമർപ്പിച്ചിരുന്നു. ഇന്ധന വില വർധന ദേശീയാടിസ്ഥാനത്തിൽ ഉടൻ ഉണ്ടാകുമെന്നതിനാൽ ഇന്ധന സെസ് ഉയർത്തില്ല. അധിക നികുതി തുടരും. ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ലോട്ടറി ഫലതുക ഏകീകരിക്കാനുള്ള നിർദ്ദേശവും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് സൂചന.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ധനവരവ് ഉയർത്താൻ നികുതി വർധനയല്ലാതെ മറ്റ് മാർഗങ്ങളില്ലെങ്കിലും ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയർന്നേക്കു. അതേസമയം, ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികൾ ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൻ പറഞ്ഞു. കേരളത്തിൽ നിലവിൽ സാമ്പത്തിക വളർച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാർഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റിൽ മുൻഗണന ഉണ്ടാകും. ജനങ്ങൾക്ക് ബുദ്ധിമുട്ട്’ ഉണ്ടാകാത്ത തരത്തിൽ സർക്കാരിന് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.