തിരുവനന്തപുരം: സംസ്ഥാനത്തിന് 8,323 കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് തുക അനുവദിച്ചത്. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് 66, 413 കോടി രൂപയാണ് കേന്ദ്രം മൊത്തമായി അനുവദിച്ചത്. 15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 2021 മുതല്‍ 2024 വരെ ഓരോ വര്‍ഷവും സംസ്ഥാന ജിഡിപിയുടെ ദശാംശം അഞ്ചുശതമാനം തുക അധികമായി കടമെടുക്കാന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ കേരളത്തിന്റെ കടമെടുക്കല്‍ പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. 32000 കോടി കടമെടുക്കാമെന്നിരിക്കേ, 15,390 കോടി രൂപ മാത്രമാണ് അനുവദിച്ചത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.