തിരുവനന്തപുരം > സംസ്ഥാനത്ത് പകർച്ചവ്യാധി- പകർച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ മാതൃകയിൽ കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ (K-CDC) യാഥാർത്ഥ്യമാകുന്നു. ജനറൽ ഹോസ്പിറ്ററിന് സമീപം പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് സെന്ററിനോടനുബന്ധിച്ചാണ് കെ- സിഡിസി പ്രവർത്തിക്കുക. കെ-സിഡിസി രൂപീകരണത്തിന്റെ ഡിപിആർ തയ്യാറാക്കുന്നതിന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി ധാരണാപത്രം കൈമാറി.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ഐഐപിച്ച് ഡയറക്ടർ ഡോ. ശ്രീധർ കദം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ എന്നിവരാണ് ധാരണാപത്രം കൈമാറിയത്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, കെ-സിഡിസി സ്‌പെഷ്യൽ ഓഫീസർ ഡോ. എസ് എ ഹാഫിസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുകയാണ് കെ-സിഡിസിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പുതുതായി രൂപപ്പെടുന്ന പകർച്ചവ്യാധികളും അതിൽ നിന്നുമുള്ള ആരോഗ്യ സംരക്ഷണവും വലിയ വെല്ലുവിളികൾ ഉയർത്തുന്നു. കോവിഡ് മഹാമാരി സമയത്താണ് യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മാതൃകയിൽ സംസ്ഥാനത്ത് ഒരു സ്ഥാപനം ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടത്തത്. 2021ലെ ബഡ്ജറ്റിൽ ഇതിനുള്ള തുക അനുവദിക്കുകയും സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ വേഗത്തിലാക്കി കെ-സിഡിസി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ സുരക്ഷ, പകർച്ചവ്യാധി മുൻകൂട്ടിയുള്ള നിർണയം, രോഗത്തിന്റെ ഗതിയറിയുക, പൊതുജനാരോഗ്യ ഡേറ്റ മാനേജ്‌മെന്റ്, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ നയ ശുപാർശകൾ, മറ്റ് ഗവേഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക, പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും ‘വൺ ഹെൽത്ത്’ എന്ന സമീപനം വളർത്തിയെടുക്കുക, സുസ്ഥിരമായ ഒരു പ്രവർത്തന മാതൃക വികസിപ്പിക്കുക എന്നിവയാണ് കെ-സിഡിസിയുടെ പ്രധാന ലക്ഷ്യങ്ങൾ.
‘ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി പ്രവർത്തിക്കുക’ എന്നതാണ് കെ-സിഡിസിയുടെ പ്രധാന മുദ്രാവാക്യം. സംസ്ഥാനത്തിന്റെ പ്രാദേശിക സാന്നിദ്ധ്യം, വിവരശേഖരണം, ഏകോപനം എന്നിവ ദ്രുതഗതിയിലാക്കുന്നതിന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കെ-സിഡിസി സാറ്റലൈറ്റ് കേന്ദ്രങ്ങൾ സ്ഥാപിക്കും. മാത്രവുമല്ല, മറ്റ് സംസ്ഥാനങ്ങളുടെയും പകർച്ചവ്യാധി നിയന്ത്രണം, രോഗപ്രതിരോധം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ദേശീയ പ്രാധാന്യമുള്ള ഒരു കേന്ദ്രമായി കെ-സിഡിസി മാറുന്നതാണ്.
ആരോഗ്യ മേഖലയുടെ അടിസ്ഥാനപരമായ ഫീൽഡ്തല പ്രവർത്തനങ്ങൾ ഉൾപ്പടെ വിവിധ മേഖലകളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് ആരോഗ്യ പരിപാലനത്തിന്റെ എല്ലാ മേഖലകളിലും മികച്ച നവീകരണ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരു ആശയകേന്ദ്രമായി കെ-സിഡിസി പ്രവർത്തിക്കുക. കൂടാതെ ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അടിയന്തിര പ്രവർത്തനങ്ങളുടെയും കേന്ദ്രമായിരിക്കും ഇത്.