കൊച്ചി: ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം സുരക്ഷയും ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ നവകേരളത്തിലേക്ക് ഉയരാനാണ് ലക്ഷ്യമിടുന്നത്. സുരക്ഷ ഏറ്റവും ആവശ്യമുള്ള ജനവിഭാഗമായ തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ ആകുന്നതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചെല്ലാനത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള തീരസംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മഴക്കാലത്തും കടൽ ക്ഷോഭിക്കുമ്പോൾ കേരളത്തിന്റെ വേദനയായി മാറുന്ന പ്രദേശമാണ് ചെല്ലാനം. സംസ്ഥാനത്ത് ടെട്രാപോഡ് ഉപയോഗിച്ചു നിർമിക്കുന്ന ആദ്യ കടൽഭിത്തിയാണ് ചെല്ലാനത്തേത്. 344 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുക. ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ സർക്കാർ നടത്തുന്ന ഇടപെടലുകളുടെ ഉദാഹരണമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്ത കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശത്തെ സംരക്ഷിക്കാനാണ് കടൽഭിത്തി നിർമാണത്തിന് പദ്ധതി തയ്യാറാക്കിയത്. തീരദേശമേഖലയിലെ 10 ഹോട്സ്‌പോട്ടുകളിൽ തീരസംരക്ഷണ പ്രവർത്തനങ്ങൾ നടത്തും. 5300 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.
പ്രകൃതിക്ഷോഭങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നതിനും മുൻകൂട്ടി പ്രവചിക്കാൻ സാങ്കേതികവിദ്യ എങ്ങനെ പ്രയോഗിക്കാം എന്നതിനും മുഖ്യപരിഗണന നൽകും.
സമുദ്രസുരക്ഷ വർധിപ്പിക്കാനും രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ബജറ്റിൽ 5.5 കോടി രൂപയാണ് നീക്കിവച്ചത്. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ താൽപ്പര്യമനുസരിച്ച് അനുയോജ്യമായ സുരക്ഷിത മേഖലയിലേക്ക് മാറിത്താമസിക്കാൻ സഹായിക്കുന്ന ‘പുനർഗേഹം’ പദ്ധതിയിലൂടെ 1247 വീടുകൾ നിർമിച്ചെന്നും അദ്ദേഹം പറഞ്ഞു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി. വ്യവസായമന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ ജെ മാക്സി എംഎൽഎ, ജലസേചന– ഭരണ വകുപ്പ് ചീഫ് എൻജിനിയർ അലക്സ് വർഗീസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ എൽ ജോസഫ്, ജോൺ ഫെർണാണ്ടസ്, സി എൻ മോഹനൻ എന്നിവർ പങ്കെടുത്തു.