ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും കാർഷിക മേഖലയിലെ വിഷയങ്ങളും ഉന്നയിച്ച് കേരള കോൺഗ്രസ് വീണ്ടും സമരം ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി ചെറുതോണിയിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി സംസ്ഥാന സർക്കാർ ഭൂനിയമ ഭേദഗതി നിയമം പാസാക്കി മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് കേരള കോൺഗ്രസിൻറെ പ്രധാന ആക്ഷേപം.
ഇതോടൊപ്പം ഇടുക്കിയിലെ ജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങളും ഉന്നയിച്ചായിരുന്നു സമരം. ചെറുതോണി ബസ് സ്റ്റാൻഡില്‍ നിന്ന് പ്രകടനമായാണ് പ്രവർത്തകരെത്തിയത്. തുടർന്ന് നടന്ന പ്രതിഷേധ യോഗം പാർട്ടി ചെയർമാൻ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ഏലമലക്കാടുകൾ വനഭൂമിയാണോ എന്നത് സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലങ്ങൾ കർഷകർക്ക് വിനയായാരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇടുക്കിയിലെ നിർമ്മാണ നിരോധനം പിൻവലിക്കുക, വനം വകുപ്പിന്‍റെ കർഷക ദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, മുല്ലപ്പെരിയാർ വിഷയം പരിഹരിക്കാൻ സർക്കാർ ഇടപെടുക, ഇടുക്കി മെഡിക്കൽ കോളജിനോടുള്ള അവഗണന അവസാനിപ്പിക്കുക, കർശകരുടെ വായ്പ പലിശ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം തുടങ്ങിയിരിക്കുന്നത്.