കോട്ടയം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടാൻ വൈകിയെന്ന് ആവർത്തിച്ച് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി. ബഫർ സോൺ വിഷയത്തിൽ സംസ്ഥാനം ഒരുമിച്ച് നിന്ന് പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. വൈകാരിക പ്രകടനം നടത്തിയിട്ട് കാര്യമില്ല. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാലാ മുനിസിപ്പൽ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുതിർന്ന നേതാവ് സ്റ്റീഫൻ ജോർജ്ജാണ് പ്രതികരണം അറിയിച്ചത്.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് മനുഷ്യ ജീവന് വില നൽകിക്കൊണ്ട് തീരുമാനമെടുക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. കാടിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണം. ബഫർ സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയിൽ കൃത്യ സമയത്ത് സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്ന് കേരള കോൺഗ്രസ് തുറന്ന് പറയും. സംസ്ഥാന സർക്കാർ ഇടപെടുന്നതിൽ കാലതാമസം ഉണ്ടായെന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു
പാലാ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയിൽ ഒരു പ്രശ്നവും നിലവിലില്ലെന്ന് സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണി ഒറ്റക്കെട്ടാണ്. സിപിഎമ്മാണ് പാലായിൽ തീരുമാനമെടുത്തത്. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ബിനുവിന് എതിരെ പരാതി നൽകില്ല. പാലായിൽ നിലവിലെ പ്രശ്നം പരിഹരിക്കേണ്ടത് സിപിഎമ്മാണ്. അതിനുള്ള ആർജ്ജവം സിപിഎമ്മിനുണ്ട്. മുൻപും ബിനു ആരോപണം ഉന്നയിച്ചിട്ടുണ്ട്. അന്നും കേരള കോൺഗ്രസ് മറുപടി പറഞ്ഞിട്ടില്ല. ബിനുവിൻറെ കാര്യം സിപിഎം നോക്കുമെന്നും അദ്ദേഹം പറഞ്ഞു.