കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ ചോദ്യംചെയ്യൽ ബുധനാഴ്ചയിലേക്കു മാറ്റിയേക്കും. ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാനുള്ള അസൗകര്യം അറിയിച്ച‌് കാവ്യ, അന്വേഷണ സംഘത്തിന് സന്ദേശം അയച്ചു. ആലുവ പൊലീസ് ക്ലബ്ബിലാണ് ഇന്നു ചോദ്യംചെയ്യാൻ അന്വേഷണസംഘം നിശ്ചയിച്ചിരുന്നത്. ചോദ്യംചെയ്യൽ ബുധനാഴ്ച ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലേക്കു മാറ്റാൻ കഴിയുമോയെന്നും കാവ്യയുടെ സന്ദേശത്തിൽ ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണസംഘം തീരുമാനം എടുത്തിട്ടില്ല.
ഇതിനിടെ, കേസിലെ പുതിയ തെളിവുകളായ ശബ്ദരേഖകളിലെ ശബ്ദങ്ങൾ തിരിച്ചറിയാൻ ദിലീപിന്റെ മുൻ ഭാര്യയായ നടി മഞ്ജു വാരിയരുടെ മൊഴിയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ശബ്ദരേഖയിലെ ശബ്ദങ്ങൾ പലതും മഞ്ജു വാരിയർ തിരിച്ചറിഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്.
നടിയെ പീഡിപ്പിച്ച കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാരിയർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു. തുടരന്വേഷണത്തിൽ ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാവ്യയുടെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും.