തിരുവനന്തപുരം : ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് യാത്രയ്ക്കിടെ കേരളത്തിന്റെ ഡാഷ് ബോര്‍ഡ് പരാജയമെന്ന് വിലയിരുത്തല്‍. ഇതുസംബന്ധിച്ച് 2021ല്‍ ചീഫ് സെക്രട്ടറി വിളിച്ച ഉദ്യോഗസ്ഥ യോഗത്തിലെ മിനുട്‌സ് പുറത്തുവന്നു. സംസ്ഥാനത്തെ 578 സേവനങ്ങളില്‍ 278 എണ്ണത്തിന് മാത്രമാണ് ഡാഷ് ബോര്‍ഡുള്ളത്. ഇതില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് 75 എണ്ണം മാത്രമാണ് എന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.
2021 നവംബര്‍ 26ന് നടന്ന യോഗത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വകുപ്പുതല സെക്രട്ടറിമാരടക്കം പങ്കെടുത്ത യോഗമാണ് കഴിഞ്ഞ നവംബറില്‍ നടന്നത്. കേരളത്തിലെ ഡാഷ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള യോഗത്തില്‍ ഡാഷ് ബോര്‍ഡ് പരാജയമാണെന്ന് യോഗം കണ്ടെത്തി. മുഖ്യമന്ത്രിയുടെ പോര്‍ട്ടലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.
ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ പോയ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം അതിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഗുജറാത്തിന്റെ ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമാണെന്നായിരുന്നു ചീഫ് സെക്രട്ടറി വി പി ജോയിയുടെ പ്രതികരണം. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിത്. സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വി.പി.ജോയ് പറഞ്ഞു.
അതേസമയം ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക് പോയതിനെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം തുടരുകയാണ്. ഡാഷ് ബോര്‍ഡ് സംവിധാനത്തെ പുകഴ്ത്തി ചീഫ് സെക്രട്ടറി രംഗത്തെത്തിയതോടെ പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചു. ഗുജറാത്ത് മോഡല്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടുവെന്നാണ് ബിജെപിയുടെ അവകാശവാദം. അതേസമയം നല്ല മാതൃക എവിടെയുണ്ടെങ്കിലും പഠിക്കാമല്ലോ എന്ന മറുപടിയാണ് എല്‍ഡിഫ് നേതൃത്വം ആവര്‍ത്തിക്കുന്നത്.