തിരുവനന്തപുരം> എടയ്‌ക്കൽ ഗുഹ ടൂറിസം കേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് 2.9 കോടി രൂപയുടെ ഭരണാനുമതി നൽകി സംസ്ഥാന ടൂറിസം വകുപ്പ്. നവീകരണം, അടിസ്ഥാനസൗകര്യവികസനം, സന്ദർശക സൗകര്യങ്ങൾ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുന്നത്. ആയിരക്കണക്കിന് സന്ദർശകരെത്തുന്ന എടയ്‌ക്കൽ ഗുഹയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻറെ ഭാഗമായാണ് ടൂറിസം വകുപ്പ് വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയത്. വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് എടയ്‌ക്കൽ ഗുഹയുടെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല.
ഗുഹയിലേക്കുള്ള വഴിയിൽ ടൈലുകൾ പതിക്കൽ, പ്ലാറ്റ് ഫോം നവീകരണം, കൈപ്പിടികൾ സ്ഥാപിക്കൽ, ഇരിപ്പിടങ്ങൾ, കവാടം, പുൽമൈതാനം, അലങ്കാര വിളക്കുകൾ, മാലിന്യക്കൂടകൾ, റോഡ് കോൺക്രീറ്റ്, സിസിടിവി എന്നിവയാണ് നിർമ്മിക്കുന്നത്. നിർമ്മാണം തുടങ്ങി പതിനെട്ട് മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശം ടൂറിസം ഡയറക്ടറുടെ ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ടൂറിസം വകുപ്പ് സമഗ്രമായ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് നേടിയ വർഷമാണിത്. ഇതിൽ വലിയൊരു പങ്ക് യാത്ര ചെയ്യുന്നത് വയനാട് ജില്ലയിലേക്കാണ്. രാജ്യത്തെ തന്നെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നും വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവുമാണ് എടയ്ക്കൽ ഗുഹകൾ. ഇവിടുത്തെ വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി സഞ്ചാരികൾക്ക് മികച്ച സന്ദർശന അനുഭവം നൽകാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ദിവസം 1920 പേർക്ക് മാത്രമാണ് എടയ്ക്കൽ ഗുഹയിൽ പ്രവേശനമനുവദിക്കുന്നത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 50 രൂപയും മുതിർന്ന പൗരൻമാർക്ക് 25ഉം കുട്ടികൾക്ക് 30 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ചകളിലും ദേശീയ അവധികളിലും പ്രവേശനമുണ്ടായിരിക്കുന്നതല്ല.