മൂന്നാർ > സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് കോൺക്രീറ്റ് റോഡ് നിർമിക്കുന്നു. പെട്ടിമുടി മുതൽ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റർ ദൂരത്തിലാണ് വനത്തിലൂടെ റോഡ്. 29ന് പകല്‍ 10.30ന് മന്ത്രി കെ രാധാകൃഷ്‍ണൻ നിര്‍മാണം ഉദ്ഘാടനംചെയ്യും. അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനാകും.
പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 18.45 കോടി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മൂന്നുമീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നത്. പെട്ടിമുടി മുതൽ ഇഡലിപ്പാറ വരെ 7.5 കിലോമീറ്റർ, തുടർന്ന് സൊസൈറ്റിക്കുടി വരെ 4.75 കിലോമീറ്റർ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിർമാണം. ഇടമലക്കുടിയിലേക്ക് കണക്റ്റിവിറ്റി സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളും ദ്രുതഗതിയിൽ തുടരുകയാണ്. 4.37 കോടി രൂപ ചെലവിൽ മൂന്നാറിൽനിന്നും 40 കിലോ മീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചാണ് കണക്റ്റിവിറ്റി ഒരുക്കുന്നത്.
ബിഎസ്എൻഎല്ലിനാണ് നിർമാണ ചുമതല. റോഡും കണക്റ്റിവിറ്റിയും പൂർത്തിയാകുന്നതോടെ പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം പൂർണമായും ഇടമലക്കുടിയിലാകും. ഇപ്പോൾ കുടിയിൽനിന്നും 48 കിലോ മീറ്റർ ദൂരത്തുള്ള ദേവികുളത്താണ് പഞ്ചായത്ത് ഓഫീസ്. ഇടമലക്കുടി നിവാസികൾക്കുള്ള സർക്കാരിന്റെ രണ്ടാം വാർഷിക സമ്മാനമാണ് റോഡും കണക്റ്റിവിറ്റിയുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.