ന്യൂഡൽഹി > പത്ത് വയസുവരെയുള്ള കുട്ടികളെ ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരനായി അനുവദിക്കാൻ കേന്ദ്ര മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭ കക്ഷിനേതാവ് എളമരം കരീം കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്ത് നൽകി. കേന്ദ്ര നിയമത്തിലെ 128–-ാം വകുപ്പ് പ്രകാരം ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേർക്ക് മാത്രം യാത്രചെയ്യാനാണ് അനുമതി. അച്ഛനമ്മമാരോടൊപ്പം ചെറിയ കുട്ടികൾ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതുപോലും നിയമ ലംഘനത്തിന്റെ പരിധിയിൽ വരികയാണ്. അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യമാണ്.
ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെ ദോഷകരമായി ബാധിക്കുന്ന ഈ വ്യവസ്ഥ കേരളത്തിലുൾപ്പെടെ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചു. പൊതുതാൽപര്യം പരിഗണിച്ച് പത്തുവയസ് വരെയുള്ള കുട്ടികൾക്ക്, ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച്, ഇരുചക്ര മോട്ടോർ വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരനാകാൻ കേന്ദ്ര നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.