കോലഞ്ചേരി : ഷാഫി വൃദ്ധയെ പീഡനത്തിനിരയാക്കിയ കോലഞ്ചേരി ഇരുപ്പച്ചിറയിലെ വീട്ടിലും ആഭിചാരകർമങ്ങൾ നടന്നിരുന്നതായി സൂചന. ഷാഫി ആവശ്യപ്പെട്ടതനുസരിച്ചാണ് അന്ന് വൃദ്ധയെ വീട്ടിൽ എത്തിച്ചതെന്ന് സുഹൃത്തായ ഓമന പൊലീസിന് മൊഴി നൽകിയിരുന്നു. ഓമനയുടെ സഹോദരിയാണ് സിദ്ധനെന്ന് പരിചയപ്പെടുത്തി ഷാഫിയുടെ ഫോൺനമ്പർ നൽകിയത്. വീട്ടിൽ സ്ഥിരം പ്രശ്നക്കാരനായ ഓമനയുടെ മകൻ മനോജിന്റെ സ്വഭാവം മാറ്റിയെടുക്കാൻ സിദ്ധൻ സഹായിക്കുമെന്ന് വിശ്വസിപ്പിച്ചാണ് അനുജത്തി പരിചയപ്പെടുത്തിയതെന്ന് ഓമന പറയുന്നു.
മൂന്നുവർഷത്തെ സൗഹൃദത്തിനിടെ നിരവധി പ്രാവശ്യം ഓമനയുടെ വീട്ടിൽ പല സ്‌ത്രീകളുമായി ഇയാൾ എത്തിയിട്ടുണ്ട്. അതേ പരിചയത്തിലാണ് 2020 ആഗസ്‌തിലും ഇയാളെത്തി വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ചത്. മകന്റെ സ്വഭാവം മാറ്റിയെടുക്കാനെന്നപേരിൽ ഇടയ്ക്കിടെ ഓമനയുടെ വീട്ടിലും ഇയാൾ ആഭിചാരക്രിയ നടത്തിയെന്ന് അയൽവാസികളും പറയുന്നു. രാത്രിയിൽ തീപ്പന്തങ്ങൾ കാണാറുണ്ടായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.
ലോട്ടറി വിറ്റാണ് ഓമന ഉപജീവനത്തിന് വഴിതേടിയിരുന്നത്. പിന്നീട് ഇരുപ്പച്ചിറയിൽ പെട്ടിക്കട തുടങ്ങി. പെട്ടിക്കടയിൽ പുകയില വാങ്ങാനെത്തിയ വൃദ്ധയെയാണ് തെറ്റിദ്ധരിപ്പിച്ച് ഷാഫിയുടെ മുന്നിലേക്കെത്തിച്ചത്. ദീർഘദൂര ലോറി ഡ്രൈവറായിരുന്ന ഷാഫി ഇതരസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുന്നതായി അന്വേഷണത്തിനിടെ പൊലീസിന് വിവരം ലഭിച്ചിരുന്നു. അമ്മയ്‌ക്കേറ്റ ക്രൂരതകളെക്കുറിച്ച് ഓർക്കാൻപോലും മക്കൾ ആഗ്രഹിക്കുന്നില്ല. അന്ന് പീഡനത്തിനിരയായ വൃദ്ധ ഏറെനാളത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. സർക്കാർ ചികിത്സാസഹായമുൾപ്പെടെ ലഭ്യമാക്കിയിരുന്നു.