പാലക്കാട്: ആനകളെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു കൂട്ടരുണ്ടെങ്കിലും, കാട്ടിലും നാട്ടിലും ആനകള്‍ക്ക് രക്ഷയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ കാരണങ്ങളില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 125 നാട്ടാനകളാണ് ചരിഞ്ഞത്. അതിക്രമങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ ആനകള്‍ക്ക് സുരക്ഷിത താവളമൊരുക്കുകയെന്നതാണ് അന്താരാഷ്ട്ര ആന ദിനത്തിലെ സന്ദേശം. കാട്ടിലലഞ്ഞ് നാടിറങ്ങി അപകടമുണ്ടാക്കുന്ന ആനകളും അപകടത്തില്‍പെടുന്നവയിലുണ്ട്. വാരിക്കുഴിയില്‍ വീണ് ചട്ടം പഠിച്ച ചില ആനകളുണ്ട്.
മനുഷ്യ- മൃഗ സംഘര്‍ഷം ഓരോ ദിനവും കൂടിവരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തവണത്തെ ആനദിനം ആചരിക്കപ്പെടുന്നത്. ദിനാചരണത്തിലുപരി, കരയിലെ ഏറ്റവും വലിയ സസ്തനിയെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കാനുളള നടപടികള്‍ക്ക് തുടക്കമിടാനാന്‍ ആഹ്വാനം ചെയ്യുകയാണ് ഇത്തവണത്തെ ആന ദിന സന്ദേശം. ആവാസ വ്യവസ്ഥയിലെ മാറ്റവും കാലാവസ്ഥാ വ്യതിയാനവും കാട്ടാനകളുടെ ആയുസ് കുറച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിനൊപ്പം ഭക്ഷണം തേടി കാടുവിട്ടിറങ്ങുമ്പോള്‍ അപകടങ്ങള്‍ പതിവ്. ഗണ്യമായ രീതിയല്‍ കേരളത്തിലെ കാട്ടാനകളുടെ എണ്ണം കുറയുന്നെന്നാണ് കണക്ക്.