മാരാരിക്കുളം : തപാൽ ഉരുപ്പടികളുമായി കിലോമീറ്ററുകളോളം സൈക്കിളിൽ സഞ്ചരിച്ച കേരളത്തിലെ ആദ്യത്തെ പോസ്‌റ്റ് വുമൺ മുഹമ്മ തോട്ടുമുഖപ്പിൽ കെ ആർ ആനന്ദവല്ലി (90) അന്തരിച്ചു. ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദമെടുത്ത ആനന്ദവല്ലിയ്‌ക്ക് തത്തംപള്ളി പോസ്‌റ്റ് ഓഫിസിൽ പോസ്‌റ്റ് വുമണായാണ് നിയമനം ലഭിച്ചത്. ആദ്യം ലഭിച്ച ജോലി സ്വീകരിക്കുകയായിരുന്നു.
കോളേജിൽ പോകാൻ അച്ഛൻ വൈദ്യകലാനിധി കെ ആർ രാഘവൻ വാങ്ങിച്ചു നൽകിയ റാലി സൈക്കിളിലായിരുന്നു പോസ്റ്റ് ഉരുപ്പടികൾ വിതരണം ചെയ്‌തിരുന്നത്. അന്ന് ആലപ്പുഴക്കാർക്ക് അത് ഒരു അത്ഭുത കാഴ്‌ചയായിരുന്നു. കാലമെത്ര കടന്നു പോയെങ്കിലും ആ സൈക്കിൾ നിധിപോലെ ആനന്ദവല്ലിഅടുത്ത കാലം വരെ കാത്തുസൂക്ഷിച്ചിരുന്നു.
പോസ്റ്റ് വ്യുമൺ, ക്ലാർക്ക്, പോസ്റ്റ് മിസ്‌ട്രസ് എന്നിങ്ങനെ ജില്ലയിലെ വിവിധ പോസ്‌റ്റ് ഓഫീസുകളിൽ ആനന്ദവല്ലി ജോലി ചെയ്‌തു. 1991ൽ മുഹമ്മയിൽ നിന്നാണ് വിരമിച്ചത്. റിട്ട. അധ്യാപകൻ പരേതനായ രാജനാണ് ഭർത്താവ്. അപ്ലൈഡ് ആർട്ടിൽ എംഎഫ്എ ഒന്നാം റാങ്ക് ജേതാവും ഫോട്ടോഗ്രാഫറുമായ മകൻ ധനരാജിനൊപ്പമാണ് താമസം.