കോട്ടയം > സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയത് പാലാ സ്വദേശി ഗഹാന നവ്യ ജെയിംസ്. 2022ലെ സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് പാലാ സ്വദേശി ഗഹന നവ്യ ജെയിംസിന്. പാലാ സെൻറ് തോമസ് കോളേജിലെ ഹിന്ദി വിഭാഗം മുൻ മേധാവി മുത്തോലി പുലിയന്നൂർ ചിറക്കൽ വീട്ടിൽ പ്രൊഫ. സിജെ ജെയിംസ് തോമസിന്റെയും കാലടി സർവകലാശാല ഹിന്ദി വിഭാഗം മുൻ അധ്യാപിക ഡോ. ദീപ ജോർജിന്റെയും മകളാണ്. പാലാ സെൻറ് തോമസ് കോളേജിലെ ഹിസ്റ്ററി മൂന്നാംവർഷ വിദ്യാർഥി ഗൗരവ് അമർ ജയിംസ് സഹോദരനാണ്. ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് മാതൃസഹോദരനാണ്.
പ്രത്യേകപരിശീലനം ഇല്ലാതെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയതെന്ന് ഗഹന പറഞ്ഞു. രണ്ടാം ശ്രമത്തിലാണ് ആറാം റാങ്കോടെ ലക്ഷ്യം നേടിയത്. പാലായിലെ ചാവറ പബ്ലിക് സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എപ്ലസോടെ പത്താംക്ലാസ് ജയിച്ചു. പാലാ സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ്‌ടു പഠനം. ഹ്യുമാനിറ്റീസിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസോടെ ജയിച്ച ഗഹന, പാലാ അൽഫോൻസാ കോളേജിൽ നിന്ന് ഹിസ്റ്ററിയിൽ ഒന്നാം റാങ്കോടെയാണ് ബിഎ പൂർത്തിയാക്കി.പാലാ സെൻറ് തോമസ് കോളജിൽ നിന്ന് എംഎ പൊളിറ്റിക്സിലും ഒന്നാം റാങ്കോടെ വിജയിച്ചു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടിയശേഷം ഇപ്പോൾ എംജി സർവകലാശാലയിൽ ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ ഗവേഷകയാണ്.