ദില്ലി: സ്വർണക്കടത്ത് കേസിലെ വിചാരണ നടപടികൾ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജിയിൽ കേരളത്തെയും കക്ഷി ചേർത്ത് സുപ്രീം കോടതി. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ സത്യവാങ്മൂലം വെള്ളിയാഴ്ച നൽകാമെന്ന് കപിൽ സിബൽ അറിയിച്ചു. വിചാരണ ബെംഗളുരുവിലേക്ക് മാറ്റണമെന്ന ഹർജിയിൽ അടുത്ത വാദത്തിൽ തീർപ്പ് പറയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യുലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ കക്ഷി ചേരാനുള്ള കേരളത്തിന്റെ അപേക്ഷ അംഗീകരിച്ചത്.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവാണ് കേരളത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമാണെന്ന് കക്ഷി ചേരാനുള്ള അപേക്ഷയിൽ കേരളം വ്യക്തമാക്കിയിരുന്നു. ഇഡി ഉന്നയിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റിയാല്‍ അത് സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തെ വിപരീതമായി ബാധിക്കുമെന്നാണ് കേരളത്തിന്റെ നിലപാട്. ‘ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമാണ്. അനുമാനങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ഈ നീക്കം. ഇഡിയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. കേരളത്തില്‍ നിന്ന് വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും. സംസ്ഥാന പൊലീസിന് എതിരെ ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അംഗീകരിച്ചാല്‍ പോലും വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റാന്‍ തക്കതായ കാരണമല്ല’…ഇവയായിരുന്നു കേരളത്തിന്റെ വാദങ്ങൾ.
കേസിൽ കക്ഷി അല്ലെങ്കിലും ഗുരുതരമായ ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് എതിരെ ഇഡി ഉന്നയിക്കുന്നത് എന്നതിനാൽ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. കേസിൽ തന്റെ വാദം കേട്ട് മാത്രമേ തീരുമാനമെടുക്കാവൂ എന്ന് കാട്ടി എം.ശിവശങ്കർ നേരത്തെ തടസ്സ ഹർജി സമർപ്പിച്ചിരുന്നു.