ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച ക്ഷീരസഹകരണ സംഘത്തിനുള്ള ഈ വർഷത്തെ ഗോപാൽരത്ന പുരസ്‌കാരം മാനന്തവാടി ക്ഷീര സഹകരണ സംഘത്തിന്. കേന്ദ്ര ഫിഷറീസ്–- മൃഗസംരക്ഷണ– ക്ഷീരവികസന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. അഞ്ചുലക്ഷം രൂപയും പ്രശസ്‌തിപത്രവും മൊമെന്റൊയുമാണ് ഒന്നാംസ്ഥാനം നേടിയ മാനന്തവാടി സഹകരണ സംഘത്തിന് ലഭിക്കുക.
കർണാടക മാണ്ഡ്യയിലെ അരകെരെ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി രണ്ടാം സ്ഥാനവും തമിഴ്‌നാട് തിരുവരാരൂരിലെ മന്നാർഗുഡി എംപിസി മൂന്നാം സ്ഥാനവും നേടി. യാഥാക്രമം മൂന്ന് ലക്ഷം ,രണ്ട് ലക്ഷം എന്നിങ്ങനെയാണ് സംഘങ്ങൾക്ക് പുരസ്‌കാര തുകയായി ലഭിക്കുക. 26ന് ക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി ബംഗളൂരു ജികെവികെ കാമ്പസിലെ ഡോ. ബാബു രാജേന്ദ്ര പ്രസാദ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ പുരസ്‌കാരം സമ്മാനിക്കും.
ഹരിയാന ഫത്തേഹാബാദിലെ ജിതേന്ദ്ര സിഗാണ് മികച്ച ക്ഷീര കർഷകൻ. മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധനുള്ള പുരസ്‌കാരം ഒഡീഷ ബലംഗീർ സ്വദേശി ഗോപാൽ റാണയ്‌ക്കാണ്. ക്ഷീരമേഖലയിലെ ഏറ്റവും ഉയർന്ന ദേശീയ അവാർഡുകളിൽ ഒന്നാണ് ഗോപാൽ രത്‌ന.