തിരുവനന്തപുരം∙ ഓർഡിനൻസ് അസാധുവായാലും നാമനിർദേശം ചെയ്ത സിൻഡിക്കേറ്റ് അംഗങ്ങൾക്ക് കാലാവധിയായ നാലു വർഷവും സിൻഡിക്കേറ്റ് അംഗങ്ങളായി തുടരാമെന്ന് സർക്കാർ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ഇക്കാര്യം അറിയിച്ചത്.
സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിലേക്ക് മുൻ എംപി പി.കെ.ബിജു ഉൾപ്പെടെ ആറുപേരെ ഓർഡിനൻസിലൂടെ നാമനിർദേശം ചെയ്തുവെങ്കിലും ഓർഡിനൻസിന് പകരമായി നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കാത്തതുകൊണ്ട് നഷ്ടപ്പെട്ട സിൻഡിക്കേറ്റ് അംഗത്വം സംബന്ധിച്ച് സിസാ തോമസ് സർക്കാരിനോട് വ്യക്തത തേടിയിരുന്നു.
ബില്ലിലുള്ള എല്ലാ വകുപ്പുകളും ഓർഡിനൻസ് ലാപ്സായതോടെ, ആറു പേരുടെ സിൻഡിക്കേറ്റ് അംഗത്വവും റദ്ദാക്കണമെന്ന സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ അന്തിമ തീരുമാനം എടുത്തിട്ടില്ല.