തിരുവനന്തപുരം :∙ വ്യാജവാഗ്ദാനം നൽകി പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. വിദേശത്തുനിന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടും ജാമ്യം അനുവദിച്ച നടപടിയും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചോദ്യംചെയ്യും.
കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയെങ്കിലും ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളതിനാൽ റിമാൻഡ് ചെയ്തില്ല. 5 ലക്ഷം രൂപയുടെ ബോണ്ടിൽ 2 പേരുടെ ആൾജാമ്യമാണു കോടതി നിർദേശിച്ചിട്ടുള്ളത്. ജാമ്യവ്യവസ്ഥയനുസരിച്ചു ജൂലൈ 3 വരെ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം. ചോദ്യം ചെയ്യലിനു ശേഷം വിജയ് ബാബുവിനു ദിവസവും വീട്ടിലേക്കു മടങ്ങാം.
കുറ്റകൃത്യം നടന്നതായി പരാതിക്കാരി വെളിപ്പെടുത്തിയ പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലും കൊച്ചിയിലെ ആഡംബര ഹോട്ടലിലും തെളിവെടുപ്പു നടത്തിയിരുന്നു. അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതിനു വ്യക്തമായ തെളിവും വിശ്വസനീയമായ മൊഴികളും ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.