തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ വേതനഘടനക്ക് പൊതുചട്ടക്കൂട് തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വിശദമായ പരിശോധനക്കും തുടര്‍ നടപടിക്കുമായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി രൂപീകരിച്ചു. സര്‍ക്കാര്‍ നീക്കത്തിൽ കെഎസ്ഇബി ജീവനക്കാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ജോലി ഘടന വ്യത്യസ്ഥമാണെന്നാണ് അവരുടെ വിശദീകരണം.
ഒരേ വിദ്യഭ്യാസ യോഗ്യത,സമാന തസ്തിക, പക്ഷെ വ്യത്യസ്ത ശമ്പളം. സംസ്ഥാനത്തെ പൊതുമേഖ സ്ഥാപനങ്ങളിലെ ശമ്പളഘടനയെക്കുറിച്ച് ഏറെ നാളായി കേള്‍ക്കുന്ന ആക്ഷേപമാണിത്. കെഎസ്ഇബിയിലെ ശമ്പള പരിഷ്കരണത്തിനു ശേഷം ഈ ആക്ഷേപത്തിന് ശക്തിയേറി. സര്‍ക്കാര്‍ സര്‍വ്വീസിലെ സമാന തസ്തികയേക്കാൾ ഇരട്ടിയോളം ശമ്പളം കെഎസ്ഇബി ജീവനക്കാരന് കിട്ടുന്നു എന്നാണ് ആക്ഷേപം.
സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ 1000 കോടിയോളം അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നടപ്പാക്കിയെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ഡോ.ബി.അശോക് ഫേസ് ബുക്ക് പോസ്റ്റിലൂടെ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആക്ഷേപം ഉന്നയിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു.
KSEB,KSRTC, Water Authority എന്നിവ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ വേതനഘടനയ്ക്ക് പൊതുചട്ടക്കൂട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സ്ഥാപനങ്ങളം കൂടി ഉള്‍പ്പെടുത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്.
എന്നാൽ കെഎസ്ഇബി ജീവനക്കാരുടെ ജോലി സാഹചര്യം വ്യത്യസ്തമാണെന്നും അതിനാൽ ശമ്പളത്തിനെതിരെ വിമർശനങ്ങൾ നിലനിൽക്കുന്നതെല്ലെന്നും കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കുന്നു. മുൻസർക്കാരിൻ്റെ കാലത്ത് സർക്കാരിനെ അറിയിക്കാതെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ച കെഎസ്ഇബിക്ക് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ വിമർശനം നേരിടേണ്ടി വന്നിരുന്നു. എന്നാൽ ധനകാര്യ സെക്രട്ടറിയും ഊർജ സെക്രട്ടറിയും അംഗങ്ങളായുള്ള ബോർഡ് എടുത്ത തീരുമാനത്തിൽ സർക്കാരിന്റെ പ്രത്യേക അനുമതി വേണ്ടെന്നാണ് കെഎസ്ഇബി നിലപാട്. കടുത്ത എതിര്‍പ്പുയരുന്ന സാഹചര്യത്തില്‍ പൊതുമേഖല സ്ഥാപനങ്ങളിലെ വേതന ഘടനയ്ക്ക് പൊതുചട്ടക്കൂട് തയ്യാറാക്കാനുള്ള സര്‍ക്കാര്‍ നീക്കം എളുമപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.