ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹവും ഭാര്യ അനഘ ആർലേക്കറും എത്തിയത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡി.എ.മാരായ പ്രമോദ് കളരിക്കൽ, എം.രാധ, പി.ആർ.ഒ വിമൽ.ജി. നാഥ് എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ ഗവർണറെ പൊന്നാടയണിച്ചു. തുടർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആദ്യം കൊടിമര ചുവട്ടിൽനിന്ന് ഗുരുവായൂരപ്പനെ തൊഴുതശേഷം നാലമ്പലത്തിലെത്തി വണങ്ങി. ശ്രീലകത്തുനിന്ന് പ്രസാദം ഏറ്റുവാങ്ങി. ദർശനശേഷം ചുറ്റമ്പലത്തിലെത്തി ഗവർണർ പ്രദക്ഷിണംവെച്ച് തൊഴുതു. ഗവർണറെ സ്വീകരിക്കുന്നുകളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗവർണർക്കും ഭാര്യക്കും നൽകി. തുടർന്ന് ഏഴരയോടെ അതിഥിമന്ദിരമായ ശ്രീവത്സത്തിലെത്തി അൽപനേരം വിശ്രമിച്ചശേഷമാണ് ഗവർണർ മടങ്ങിയത്.