തിരുവനന്തപുരം: സംസ്ഥാനതല ഓണം വാരാഘോഷം സെപ്റ്റംബർ ആറ് മുതൽ 12 വരെ സംഘടിപ്പിക്കാന്‍ തീരുമാനം. ഇതിനായി 7.47 കോടി രൂപ അനുവദിച്ചു. ഓണം വാരാഘോഷം അവസാനമായി സംഘടിപ്പിച്ചത് 2019ൽ ആയിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ഓണം വാരാഘോഷം ഇല്ലായിരുന്നു. സംസ്ഥാനത്ത് 1980കളിൽ ആണ് ഓണം വാരാഘോഷം സംഘടിപ്പിക്കാൻ തുടങ്ങിയത്.
സംസ്ഥാനതല ഓണാഘോഷത്തിന് അഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഡിറ്റിപിസി മുഖേന നടക്കുന്ന ജില്ലാ തല ഓണാഘോഷത്തിന് 2.47 കോടിയും അനുവദിച്ചിട്ടുണ്ട്. ജില്ലകൾക്ക് ആഘോഷത്തിനായി അനുവദിച്ച തുകയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എട്ട് ലക്ഷം മുതൽ 36 ലക്ഷം വരെയാണ് വിവിധ ജില്ലകൾക്ക് ഓണാഘോഷത്തിനായി അനുവദിച്ചിരിക്കുന്നത്.