കൊച്ചി ∙ പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിനിടെ അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ സംഭവത്തിൽ 248 പേരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയെന്നു ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. മലപ്പുറം ജില്ലയിൽനിന്നു മാത്രം 126 പേരുടെ സ്വത്ത് കണ്ടുകെട്ടിയെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.മലപ്പുറത്തു ജപ്തി നടപടികൾക്കിടെ തർക്കങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സ്വത്തു കണ്ടുകെട്ടിയവരിൽ ചിലർക്കു പിഎഫ്ഐ ഭാരവാഹിത്വം ഇല്ലെന്നതടക്കമുള്ള വാദങ്ങളിൽ കഴമ്പുണ്ടോയെന്നു പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലത്ത് കണ്ടുകെട്ടിയത് സംസ്ഥാന നേതാവ് അബ്ദുൽ സത്താറിന്റെ സ്വത്തുവകകൾ മാത്രമാണ്.
സ്വത്ത് കണ്ടുകെട്ടിയതിന്റെ ജില്ലതിരിച്ചുള്ള കണക്ക്
കാസർകോട് – 6
കണ്ണൂർ – 8
വയനാട് – 11
കോഴിക്കോട് – 22
മലപ്പുറം – 126
പാലക്കാട് – 23
തൃശൂർ – 18
എറണാകുളം – 6
ഇടുക്കി – 6
കോട്ടയം – 5
ആലപ്പുഴ – 5
പത്തനംതിട്ട – 6
കൊല്ലം – 1
തിരുവനന്തപുരം – 5
പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 23നു നടത്തിയ മിന്നൽ ഹർത്താലിൽ 5.20 കോടി രൂപയുടെ നഷ്ടം വരുത്തിയതിനാണു ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ജപ്തി നടപടികൾ പൂർത്തിയായതു സംബന്ധിച്ച റിപ്പോർട്ട് ലാൻഡ് റവന്യു കമ്മിഷണർ ടി.വി.അനുപമ കഴിഞ്ഞ ദിവസം സർക്കാരിനു കൈമാറിയിരുന്നു.