തിരുവനന്തപുരം: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജർ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ, സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കോടതിയിൽ സ്പെഷൽ ലീവ് പെറ്റിഷൻ സമർപ്പിക്കണമെന്ന എജിയുടെ നിർദേശം സർക്കാർ അംഗീകരിച്ചു.2021 നവംബർ ഒന്നിനാണ് ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഹോളണ്ട് കമ്പനിയിൽനിന്ന് ഡ്രജർ വാങ്ങിയതിൽ അഴിമതി നടന്നതായാണു വിജിലൻസ് കണ്ടെത്തൽ. 3 സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഡിപ്പാർട്ട്മെന്റ് പർച്ചേസ് കമ്മിറ്റിയുടെ (ഡിപിസി) കൂട്ടായ തീരുമാനം അനുസരിച്ചാണ് കരാർ നൽകിയതെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
എഫ്ഐആറിൽ ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണങ്ങൾ നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി. ഓരോ ഘട്ടത്തിലും അനുമതി വാങ്ങിയതാണ് എന്നു ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് നൽകിയ ഹർജി അനുവദിച്ചാണ് കോടതി കേസ് റദ്ദാക്കിയത്. ചട്ടം ലംഘിച്ച് ഡ്രജർ വാങ്ങിയതിൽ 14.96 കോടിരൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് കേസ് അന്വേഷിച്ചത്. 2009 മുതൽ 2014വരെയാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്നത്.