തിരുവനന്തപുരം : ഗവര്‍ണര്‍ – സര്‍ക്കാര്‍ തര്‍ക്കത്തില്‍ മഞ്ഞുരുകുന്നുവെന്ന് സൂചന. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിക്കും മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ചു. ദൂതന്‍ വഴി രാജ്ഭവനിലേക്ക് കത്തും കൊടുത്തയച്ചു. ഗവര്‍ണര്‍ തന്നെ സര്‍വകലാശാലകളുടെ ചാന്‍സലറായി തുടരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഗവര്‍ണറുമായി ഏറ്റുമുട്ടലിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ചാന്‍സലര്‍ പദവി താന്‍ ഏറ്റെടുക്കില്ല. അതിനായി ഓര്‍ഡിനന്‍സും ഇറക്കില്ല. സര്‍ക്കാരും ഗവര്‍ണറും യോജിച്ച് പ്രവര്‍ത്തിക്കുന്നത് ജനാധിപത്യത്തിന്റെ ശോഭ കൂട്ടുമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ഇക്കാര്യങ്ങളോട് അനുകൂലമായി ഗവര്‍ണര്‍ പ്രതികരിച്ചതായാണ് സൂചന. വിദേശത്തേക്ക് ചികിത്സയ്ക്ക് പോവുന്നതിന്റെ വിവരങ്ങളും മുഖ്യമന്ത്രി ധരിപ്പിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ അനുനയ നീക്കത്തോട് ഗവര്‍ണറോ രാജ്ഭവനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് തനിക്ക് നേരിട്ട് എത്താന്‍ കഴിയാത്തതെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.