തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ നൂതന കൃഷി രീതികളെ കുറിച്ച് പഠിക്കുന്നതിനായി ഇസ്രായേലിലേക്ക് കേരളാ സംഘത്തെ അയക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി. കേരളാ കൃഷി വകുപ്പ് മന്ത്രിയുടേയും സംഘത്തിന്റെയും ഇസ്രായേലിലേക്കുള്ള യാത്ര ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വിദേശയാത്ര ആവശ്യമെങ്കിൽ നയപരമായി തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെ, കർഷകർക്കുള്ള കുടിശ്ശിക തീർക്കാതെ മന്ത്രിയും സംഘവും വിദേശയാത്ര നടത്തുന്നതിനെതിരെയായിരുന്നു ഹർജി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് സർക്കാർ തന്നെ ആവർത്തിക്കുന്നതിനിടെയാണ്, രണ്ടു കോടി രൂപ ചിലവിൽ മന്ത്രിയും കർഷകരും അടങ്ങുന്ന സംഘം ഇസ്രായേൽ സന്ദർശിക്കുന്നത്.