ദില്ലി: സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജിയുടെ സാധ്യത തേടി കേരളം. നിയമവിദ്ഗധരുമായി കൂടിയാലോചന നടത്തും. വിധി മറ്റു സർവകലാശാല വിസി മാരുടെ നിയമനത്തെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് സാധ്യത തേടുന്നത്. യുജിസി റെഗുലേഷൻ സർവകലാശാലകൾ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ രണ്ട് ബെഞ്ചുകളിൽ നിന്നുണ്ടായ വ്യത്യസ്ത വിധികൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനുള്ള സാധ്യതയാകും തേടുക.
ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ ടി യു) വൈസ് ചാൻസലര്‍ നിയമനം റദ്ദാക്കി. ഡോ. രാജശ്രീ എം എസിനെ നിയമിച്ച നടപടിയാണ് സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചതു് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയത്. സാങ്കേതിക സർവകലാശാല വിസിയായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
യു ജി സി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനലാണ് സെർച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറണം. എന്നാല്‍ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒരാളുടെ പേര് മാത്രമാണ് സമിതി ചാന്‍സലര്‍ക്ക് കൈമാറിയത്. ഈ നടപടി ചട്ടലംഘനമാണെന്നാണ് കോടതിയുടെ നീരീക്ഷണം. 2013 ലെ യു ജി സി ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടാണ് നിയമനമെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. എന്നാൽ സംസ്ഥാന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും ഇതിന് യു ജി സിയുടെ അംഗീകാരം ലഭിച്ചതാണെന്നും രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു.