തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിലുണ്ടായിരുന്ന യെല്ലോ ജാഗ്രത 5 ജില്ലകളിലേക്ക് ചുരുക്കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ടുള്ളത്. 20 ാം തിയതിവരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ പരക്കെയുണ്ടായിരുന്ന മഴ സാധ്യത വരും ദിവസങ്ങളിൽ കുറയുമെന്നാണ് സൂചന.
അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
17-07-2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
18-07-2022: ഇടുക്കി, മലപ്പുറം, കാസർകോട്
19-07-2022: ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട്
20-07-2022: പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.