കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ വിശദീകരണം നൽകാൻ ഹൈകോടതി നിർദേശ പ്രകാരം കൊച്ചി നഗരസഭ സെക്രട്ടറി നേരിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഓൺലൈനിലും ഹാജരായി.ഈ മലിനീകരണം ഏത് തരത്തിൽ നഗരത്തെ ബാധിച്ചെന്ന കൃത്യമായ വിലയിരുത്തൽ ഉണ്ടായിട്ടില്ലെന്ന് കോടതി പറഞ്ഞു.വിഷപ്പുക നഗരത്തിൽ പടരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നൽകിയ കത്തിനെ തുടർന്ന് ഹൈകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സംസ്ഥാന സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ്, കൊച്ചി നഗരസഭ എന്നിവരാണ് ഹരജിയിലെ എതിർ കക്ഷികൾ.
രാവിലെ കേസ് പരിഗണിച്ച കോടതി കടുത്ത വിമർശനം നടത്തിയിരുന്നു. കൊച്ചി നഗരസഭ സെക്രട്ടറി അടക്കമുള്ളവർ ഇന്ന് ഉച്ചക്ക് തന്നെ ഹാജരാകണമെന്ന് നിർദേശിക്കുകയായിരുന്നു. കൊച്ചിയിൽ ഗ്യാസ് ചേംബറിലെ അവസ്ഥയാണെന്നും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടെന്നും കോടതി വിമർശിച്ചിരുന്നു.ഓരോ ദിവസവും നിർണായകമാണ്. വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകും. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണമെന്നും പറഞ്ഞിരുന്നു.