കൊച്ചി: കെ സ്വിഫ്റ്റിൽ നിയമന നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. നിയമനം പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്ന നിർദേശത്തോടെയാണ് നിയമനവുമായി മുന്നോട്ട് പോകാൻ സർക്കാർ കെ സ്വിഫിറ്റിന് അനുമതി നൽകിയത്. നിയമനത്തിൽ എം പാനൽ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കെ സ്വിഫ്റ്റ് നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ കമ്പനിയുടെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയിലായത്. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുന്നതിന്‍റെ ഭാഗമായി കൊട്ടിഘോഷിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് കെ സ്വിഫ്റ്റ്. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള സര്‍വ്വീസുകളും പുതിയ ബസ്സുകളും കെ സ്വിഫ്റ്റിലേക്ക് മാറ്റും ലാഭത്തില്‍ നിന്ന് തരിച്ചടവ് ഉറപ്പാക്കും എന്നൊക്കെയായിരുന്നു അവകാശ വാദം.
എന്നാല്‍ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ ടിഡിഎഫും, കെഎസ്ടി എംപ്ളോയീസ് സംഘും ഹൈക്കോടതിയെ സമീപിച്ചു.കെഎസ്ആര്‍ടിസിയുടെ റൂട്ടോ ബസ്സോ മറ്റൊരു കമ്പനിക്ക് കൈമാറാന്‍ നിയമമില്ല എന്നായിരുന്നു പ്രധാന വാദം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള ബസ്സ് സ്വതന്ത്ര കമ്പനിക്ക് നല്‍കുന്നത് സ്റ്റേററ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസെ തകര്‍ക്കുമെന്നും ആക്ഷേപം ഉയര്‍ന്നു. ഈ സഹാചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. റൂട്ടും ബസ്സും കൈമാറില്ല. പകരം കെ സ്വിഫ്റ്റ് വാങ്ങുന്ന ബസ്സുകള്‍ കെഎസ്ആര്‍സിക്ക് വാടകക്ക് നല്‍കും എന്നാണ് പുതിയ നിലപാടായി ഹൈക്കോടതിയിൽ അറിയിച്ചത്.