കൊച്ചി ∙ പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ ഉണ്ടായ നഷ്ടമീടാക്കാനുള്ള ജപ്തി വൈകിപ്പിക്കുന്നതിൽ ഹൈക്കോടതി സർക്കാരിനു താക്കീത് നൽകി. ഇതു സംബന്ധിച്ച നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നും സംഘടനയുടെയും നേതാക്കളുടെയും സ്വത്തുക്കളുടെ ജപ്തിക്കു മുൻകൂർ നോട്ടിസ് നൽകേണ്ടതില്ലെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2022 സെപ്റ്റംബർ 23 ലെ മിന്നൽ ഹർത്താലിൽ വ്യാപക അക്രമങ്ങൾ നടന്ന പശ്ചാത്തലത്തിലാണു ഹൈക്കോടതി സ്വമേധയാ വിഷയത്തിൽ ഇടപെട്ടത്. സ്വത്തുക്കൾ ജപ്തി ചെയ്ത് 23 നു സർക്കാർ റിപ്പോർട്ട് നൽകണമെന്നും ജില്ല തിരിച്ച് ജപ്തി വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. നാശനഷ്ടങ്ങൾ വരുത്തിയതിനു പരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. ഇതു പാലിക്കാത്തതു കൊണ്ടാണു ജപ്തി നടപടിക്കു നിർദേശിച്ചതെന്നും അതിനാൽ മുൻകൂർ നോട്ടിസ് വേണ്ടെന്നും കോടതി വ്യക്തമാക്കി.
ജനുവരി 15ന് അകം ജപ്തിയും തുടർന്ന് ഒരു മാസത്തിനകം റവന്യു റിക്കവറിയും പൂർത്തിയാക്കുമെന്ന് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. വേണു കഴിഞ്ഞ തവണ നേരിട്ടു ഹാജരായി ഉറപ്പു നൽകിയിരുന്നു. കോടതി പറയുന്നതു ചെയ്യണോ സർക്കാർ പറയുന്നതു ചെയ്യണോ എന്ന കാര്യത്തിൽ ചില ഉദ്യോഗസ്ഥർക്കെങ്കിലും തീർച്ചയില്ലെന്നും ആരാണു മാസ്റ്റർ എന്നു സംശയമാണെന്നും കോടതി അന്നു വിമർശിക്കുകയും ചെയ്തിരുന്നു. ഹർജി ഇനി 24 നു പരിഗണിക്കും
സർക്കാർ അറിയിച്ചത്:
സംസ്ഥാന പൊലീസ് മേധാവി, ലാൻഡ് റവന്യു കമ്മിഷണർ, റജിസ്ട്രേഷൻ ഐജി എന്നിവരുടെ ഏകോപനത്തിൽ റവന്യു റിക്കവറി പൂർത്തിയാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും നടപടികളുടെ ഭാഗമായി പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എ.അബ്ദുൽ സത്താറിനു ഡിസംബർ 31നു നോട്ടിസ് നൽകിയെന്നും സർക്കാർ വിശദീകരിച്ചു. 14 ജില്ലകളിലെയും സംഘടനാ ഭാരവാഹികളുടെ സ്വത്തു വിവരങ്ങൾ റജിസ്ട്രേഷൻ ഐജി വഴി സമാഹരിച്ചാണു നടപടി മുന്നേറുന്നത്. ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. വേണു ജനുവരി 8നു വാഹന അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. നടപടികളിൽ മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും അറിയിച്ചു.