കൊച്ചി: ഉത്തരവു പ്രകാരം പള്ളി ഏറ്റെടുക്കാൻ സിആർപിഎഫിനു സാധിച്ചില്ലെങ്കിൽ പട്ടാളത്തെ വിളിക്കേണ്ടി വന്നേക്കാമെന്നു ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം. കോതമംഗലം പള്ളിക്കേസിൽ സർക്കാരിനു ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതി കർശന നിലപാട് ആവർത്തിച്ചത്. ഇക്കാര്യത്തിൽ കോടതി വിധി എങ്ങനെ നടപ്പാക്കുമെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. കോടതിയുത്തരവു നടപ്പാക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ, സിആർപിഎഫിനെ ഉപയോഗിച്ചു പള്ളി ഏറ്റെടുക്കാനായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
കോതമംഗലം പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി സർക്കാരിനോടു ചോദ്യങ്ങൾ ഉയർത്തിയത്. കോടതി വിധി എങ്ങനെ നടപ്പാക്കാം എന്ന കാര്യത്തിൽ കൃത്യവും വ്യക്തവുമായ മറുപടി നൽകാൻ സർക്കാരിനോടു ഹൈക്കോടതി ആവശ്യപ്പെട്ടു. വിധി നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും ജഡ്ജിമാരായ ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വിഷയത്തിൽ നിയമ പരിഷ്കരണ കമ്മിഷന്റെ ശുപാർശകളെക്കുറിച്ചു സർക്കാർ അറിയിച്ചപ്പോൾ, സുപ്രീം കോടതി വിധി മറികടക്കാൻ നിയമം കൊണ്ടുവരാൻ സർക്കാരിന് എങ്ങനെ സാധിക്കുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. വിധി നടപ്പാക്കുന്നത് എങ്ങനെയെന്ന കോടതിയുടെ ചോദ്യത്തിനു മറുപടി നൽകാൻ സമയം വേണമെന്നു സർക്കാർ അഭ്യർഥിച്ചു. തുടർന്നു കേസ് പരിഗണിക്കുന്നത് അടുത്ത മാസം പത്തിലേക്കു മാറ്റി.