കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കായി തൃശൂർ തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ചില്ല മുറിച്ച സംഭവത്തിൽ ഹൈകോടതി കൊച്ചിൻ ദേവസ്വം ബോർഡിന്റെ വിശദീകരണം തേടി. തേക്കിൻകാട് മൈതാനവുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി പരിഗണിക്കവെ, ആൽമരത്തിന്റെ ചില്ല മുറിച്ച സംഭവം കോടതി ദേവസ്വം ബോർഡ് അഭിഭാഷകന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
ചില്ല മുറിച്ചതിന്റെ ദൃശ്യങ്ങൾ അഭിഭാഷകന് കൈമാറി. തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്.ബുധനാഴ്ചയായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടി. പരിപാടിക്ക് സൗകര്യം ഒരുക്കാനാണ് മരച്ചില്ല വെട്ടിമാറ്റിയത്. സുരക്ഷയുടെ ഭാഗമായാണ് ഇതെന്നായിരുന്നു വിശദീകരണം.പരിപാടിക്ക് തൊട്ടടുത്ത ദിവസങ്ങളിലാണ് മരച്ചില്ല മുറിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പരിപാടിയുടെ പിറ്റേന്ന് സ്ഥലത്ത് ഇതിനെതിരെ പ്രതിഷേധം അരങ്ങേറിയിരുന്നു.