വെള്ളറട > മലയോര ഹൈവേയുടെ പാറശാല – കുടപ്പനമൂട് റീച്ചിലെ നിർമാണം പൂർത്തിയാകുന്നു. ടാറിങ് നടപടികൾ അവസാനഘട്ടത്തിലാണ്. പാറശാല മണ്ഡലത്തിൽ പാറശാല – പരുത്തിപ്പള്ളിവരെ 13.5 മീറ്റർ വരെ വീതിയിലാണ് നിർമാണം. 5.5 മീറ്റർ വീതി ഉണ്ടായിരുന്ന റോഡാണ് വീതികൂട്ടി നവീകരിച്ചത്. കിഫ്ബിയിൽനിന്ന് 133 കോടി രൂപ ചെലവിട്ടാണ് നിർമാണം. ആവശ്യമായ സ്ഥലങ്ങളിൽ ഇരുവശങ്ങളിലും നടപ്പാതയും ഓടയും സംരക്ഷണഭിത്തികളും നിർമിച്ചു. ടാറിങ് പൂർത്തിയായാൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.
പാറശാല – കുടപ്പനമൂട് റീച്ചിൽ 15.5 കിലോമീറ്ററിനുള്ളിൽ 25- കലുങ്കുകൾ നവീകരിച്ചു. പാറശാല മുതൽ പരുത്തിപ്പള്ളി വരെയുള്ള ഭാഗത്ത് മുഴുവൻ വൈദ്യുത കാലുകളും മാറ്റിസ്ഥാപിച്ചു. വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ പുതുതായി സ്ഥാപിച്ചു. ബിഎസ്എൻഎല്ലിന്റെ ഉൾപ്പെടെ കേബിൾ ലൈനുകളും മാറ്റി. സി കെ ഹരീന്ദ്രൻ എംഎൽഎ ഭൂവുടമകളെ നേരിൽ കണ്ട് ചർച്ച നടത്തിയാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കിയത്. കള്ളിക്കാട് മുതൽ പരുത്തിപ്പള്ളി വരെയുള്ള മൂന്നാം റീച്ചിലെ പ്രവൃത്തി നേരത്തേ പൂർത്തീകരിച്ചിരുന്നു.
കുടപ്പനമൂട് മുതൽ കള്ളിക്കാട് വരെയാണ് രണ്ടാംഘട്ടം. ഇവിടത്തെ രണ്ടാം ലെയർ ടാറിങ് പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. ഈ റീച്ചിലെ കുടപ്പനമൂട് മുതൽ വാഴിച്ചൽ വരെയുള്ള ഭാഗത്തെ റീ- ടെൻഡർ നടപടികൾ പൂർത്തിയാക്കി. രണ്ടുമാസത്തിനുള്ളിൽ നിർമാണം ആരംഭിക്കും. രണ്ടാം റീച്ചിലെ പേരേക്കോണം മുതൽ കള്ളിക്കാടുവരെയുള്ള ഭാഗത്തെ പുറമ്പോക്കിൽ താമസിക്കുന്ന 42 കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പാക്കേജ് സർക്കാരിന്റെ പരിഗണനയിലാണെന്ന് സി കെ ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു.